സാമ്പത്തിക പ്രതിസന്ധി: വിമാന കമ്പനികൾ ജീവനക്കാരെ കുറക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ വിമാനക്കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറക്കുന്നു. കുവൈത്ത് എയർവേസ് ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ ജോലിക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമെ ശമ്പളമില്ലാത്ത ദീർഘകാല അവധി എടുക്കാൻ നിർബന്ധിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇന്ത്യക്കാർ ഉൾപ്പെടെ വിദേശ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാവുന്നത്. കോവിഡ് പ്രതിസന്ധി എത്രകാലം നിലനിൽക്കുമെന്ന് ആർക്കും ഒരു രൂപവുമില്ല. കുവൈത്ത് വിമാനത്താവളത്തിെൻറ പ്രവർത്തന സമയം വർധിപ്പിക്കാനാവശ്യമായ ജീവനക്കാരെ നൽകാൻ നാസും കുവൈത്ത് എയർവേസും തയാറായിട്ടുണ്ട്.
വിമാന സർവിസ് വേണ്ടത്രയില്ലാത്തതിനാൽ വിമാനക്കമ്പനികളുടെ പക്കൽ റിസർവ് ജീവനക്കാർ ഏറെയുണ്ട്. അതിനിടെ കുവൈത്ത് വിമാനത്താവളം നവംബർ 17 മുതൽ 24 മണിക്കൂറും പ്രവർത്തിച്ചേക്കും. കമേഴ്സ്യൽ വിമാനങ്ങൾ നിലവിൽ രാത്രി സർവിസ് നടത്തുന്നില്ല. രാത്രി 10നും പുലർച്ച നാലിനുമിടയിലാണ് നിലവിൽ കമേഴ്സ്യൽ വിമാനങ്ങൾ സർവിസ് നടത്താത്തത്. പ്രവർത്തന സമയം വർധിപ്പിക്കുന്നുവെങ്കിലും വിമാനങ്ങളുടെ എണ്ണം ഇപ്പോൾ വർധിപ്പിക്കില്ല. ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏർപ്പെടുത്തിയൽ മുഴുവൻ സമയം പ്രവർത്തിക്കുന്നതിന് എതിർപ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. തുടർന്ന് ജീവനക്കാരെ അനുവദിക്കാൻ വിമാനക്കമ്പനികൾ തയാറാവുകയായിരുന്നു. വിമാനത്താവളം പരമാവധി 30 ശതമാനം ശേഷിയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. പ്രതിദിനം പരമാവധി 100 കമേഴ്സ്യൽ സർവിസ് മാത്രമാണുള്ളത്.
34 രാജ്യങ്ങളിൽനിന്ന് നേരിട്ട് വരുന്നതിന് വിലക്കുള്ളത് വിമാനക്കമ്പനികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യ, ഇൗജിപ്ത്, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങി കുവൈത്തിലെ വലിയ വിദേശിസമൂഹങ്ങളൊക്കെ വിലക്കുള്ള പട്ടികയിലുണ്ട്.
സർവിസ് വിപുലപ്പെടുത്താൻ കുവൈത്ത് എയർവേസും ജസീറ എയർവേസും സമർപ്പിച്ച കർമ പദ്ധതി ആരോഗ്യമന്ത്രാലയത്തിെൻറ പരിഗണനയിലാണ്. ഇതുവരെ തീരുമാനമൊന്നുമായില്ല. കുവൈത്തിലെ മാത്രമല്ല ലോകത്തിലെ ഏതാണ്ട് മുഴുവൻ വിമാനക്കമ്പനികളെയും കോവിഡ് പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.