താമസ നിയമലംഘകരെ കണ്ടെത്തൽ; സ്ഥിരം ചെക്ക്പോസ്റ്റുകൾ വരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താമസ നിയമലംഘകരെ പിടികൂടുന്നതിനുള്ള പരിശോധന കാമ്പയിൻ തുടരുന്നു. താമസ നിയമലംഘകരെ കണ്ടെത്താനുള്ള സുരക്ഷ പരിശോധനയുടെ ഭാഗമായി ജലീബ് അല്‍ ശുയൂഖില്‍ സ്ഥിരം പൊലീസ് ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലയാളികള്‍ അടക്കമുള്ള ഏറെ പ്രവാസികൾ താമസിക്കുന്ന ഇടമാണിത്.
ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാര്‍ കുവൈത്തിൽ കഴിയുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇവരെ പിടികൂടുന്നതിനായി പരിശോധനകൾ തുടരുകയാണ്.മഹ്ബൂല, ഫർവാനിയ, ഹവല്ലി, ഖൈത്താന്‍, ബിനൈദ് അല്‍ ഗര്‍ തുടങ്ങി വിദേശികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലും സ്ഥിരം സുരക്ഷ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുമെന്നാണ് സൂചനകള്‍. താമസ നിയമങ്ങൾ പാലിക്കാത്ത വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവ നിയമനടപടിക്ക് വിധേയമാക്കും.
നിയമവിധേയമായല്ലാതെ താമസിക്കുന്നവരെ പിടികൂടിയാൽ തിരിച്ചുവരാൻ കഴിയാത്തവിധം നാടുകടത്തും. നേരത്തേ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ മുഴുവന്‍ തുടരെയുള്ള പരിശോധനയിലൂടെ പിടികൂടി നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. നിയമലംഘകരെ കണ്ടെത്തൽ, തൊഴിൽ മേഖല ശുദ്ധീകരിക്കൽ, ജനസംഖ്യ അസന്തുലിതാവസ്ഥ ക്രമീകരിക്കൽ എന്നിവയുടെ ഭാഗമായാണ് നടപടി.
അതിനിടെ, കുവൈത്ത് സിറ്റിയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 29 പേരെ പിടികൂടി. റെസിഡൻസ് അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷനാണ് പരിശോധന നടത്തിയത്. വിവിധ പ്രദേശങ്ങളിൽ രണ്ടുദിവസം മുമ്പ് നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച വിവിധ രാജ്യക്കാരായ 140 പേരെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ പിടികൂടിയിരുന്നു.
പൊതു സുരക്ഷകാര്യ വിഭാഗം, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്ക്യൂ പൊലീസ് എന്നിവയെല്ലാം ഒരുമിച്ചും അല്ലാതെയും പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞമാസം നടത്തിയ പരിശോധനയിൽ ആയിരത്തിനടുത്ത് പ്രവാസികൾ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.