അപകടങ്ങളിൽ ഉടനടി ഇടപെടൽ; ഫയർ അലാറം സംവിധാനം വൈകാതെ നടപ്പാക്കും
text_fieldsകുവൈത്ത് സിറ്റി: തീപിടിത്ത കേസുകളിൽ ഉടനടി ഇടപെടുന്നതിന് കെട്ടിടങ്ങളിലെ ഫയർ അലാറം സംവിധാനങ്ങൾ ഫയർഫോഴ്സ് സെന്റർ ഓഫിസുമായി ബന്ധിപ്പിക്കുന്ന നടപടി സജീവം. പദ്ധതിയിലൂടെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും സാമൂഹിക സുരക്ഷ കൈവരിക്കാനും കഴിയുമെന്ന് കുവൈത്ത് ഫയർഫോഴ്സ് ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് പറഞ്ഞു. പദ്ധതിയുടെ പ്രോജക്ട് സമർപ്പിക്കാൻ ഫയർഫോഴ്സ് നേരത്തെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു.
രാജ്യത്തെ 50,000 ത്തിലധികം കെട്ടിടങ്ങളെ പദ്ധതിയുടെ ഭാഗമായി സെൻട്രൽ കമാൻഡുമായി ബന്ധിപ്പിക്കും. പുതിയതും പഴയതുമായ കെട്ടിടങ്ങൾ, ഫയർ അലാറം സംവിധാനങ്ങളില്ലാത്ത കെട്ടിടങ്ങൾ എന്നിങ്ങനെ തരം തിരിച്ചായിരിക്കും നടപ്പാക്കൽ. പലയിടത്തും ഇതിനകം അഗ്നിരക്ഷ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. അപകടങ്ങൾ കേന്ദ്ര കമാൻഡിനെ ഉടനടി അറിയിക്കുകയും 120 സെക്കൻഡിനുള്ളിൽ ഇടപെടൽ ഉണ്ടാകുന്ന തരത്തിലുള്ള ക്രമീകരണവുമാണ് ഒരുക്കുക. കെട്ടിടത്തിലെ സംവിധാനം ഉടമ സ്ഥാപിക്കണം. ആദ്യഘട്ടത്തിൽ ആശുപത്രികൾ പോലെയുള്ള വലിയ സുപ്രധാന കെട്ടിടങ്ങൾക്കായിരിക്കും നടപ്പാക്കുക.
കഴിഞ്ഞ വർഷം ജനറൽ ഫയർഫോഴ്സ് 16,080 കേസുകൾ കൈകാര്യം ചെയ്തതായും ഖാലിദ് അബ്ദുല്ല ഫഹദ് പറഞ്ഞു. ഇതിൽ 4,394 എണ്ണം തീപിടിത്ത കേസുകളാണ്. വീടുകളിൽ 1,257 തീപിടിത്ത കേസുകളും ഉണ്ടായി. ഫർവാനിയ ഗവർണറേറ്റിലാണ് കൂടുതൽ തീപിടിത്തങ്ങൾ സംഭവിച്ചത്. എല്ലായിടത്തും തീപിടിത്തത്തിന്റെ പ്രധാന കാരണം വൈദ്യുത തകരാറാണ്. 10 മുതൽ 19 മിനിറ്റ് വരെയുള്ളവയാണ് ഏറ്റവും ദൈർഘ്യമേറിയ തീപിടിത്തം. കഴിഞ്ഞ വർഷം രക്ഷാപ്രവർത്തനത്തിനിടെ 38 അഗ്നിരക്ഷ സേനാംഗങ്ങൾക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.