തീപിടിത്ത ദുരന്തം: മൂന്നാം നാൾ മടക്കം
text_fieldsകുവൈത്ത് സിറ്റി: മൂന്നാംനാൾ മാത്യുവും കുടുംബവും മടങ്ങി. കുവൈത്തിൽ നിന്നുള്ള അവസാന യാത്ര. ഇനി നാട്ടിൽ സമീപത്തെ പള്ളിയിൽ ഈ കുടുംബത്തിന് അന്ത്യവിശ്രമം.
അവധികഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങിയെത്തി മണിക്കൂറുകൾക്കകം അപകടത്തിനിരയായി ജീവൻ നഷടപ്പെട്ട ആലപ്പുഴ നീരേറ്റുപുറം മാത്യു വി മുളക്കൽ (38), ഭാര്യ ലിനി എബ്രഹാം (35), മകൻ ഐസക് (ഒമ്പത്), മകൾ ഐറിൻ (14) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാത്രി നാട്ടിലേക്കു കൊണ്ടുപോയി. രാത്രി 10.30നുള്ള എമിറേറ്റ്സ് വിമാനം വഴി നെടുമ്പാശേരിയിലെത്തിച്ച മൃതദേഹങ്ങൾ ആംബുലൻസ് വഴി വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ശനിയാഴ്ച പോസ്റ്റ്മോർട്ടവും മറ്റു നടപടികളും പൂർത്തിയാക്കിയിരുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം 2.30ന് നാലുപേരുടെയും ഭൗതിക ശരീരം സബാ മോർച്ചറിയിൽ പൊതു ദർശനത്തിന് വെച്ചു. സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ കുടുംബത്തെ അവസാന നോക്കുകാണാൻ മോർച്ചറിയിലെത്തി. ഇരുവരും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിന്നും നിരവധി പേർ എത്തി.
ചലനമറ്റ് കിടക്കുന്ന കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും കാഴ്ച കണ്ടുനിന്നവരിൽ കണ്ണീർ നിറച്ചു. മൗന പ്രാർഥനകളോടെ ഏവരും നാലുപേർക്കും അന്ത്യയാത്ര നൽകി. വെള്ളിയാഴ്ചയാണ് അബ്ബാസിയയിൽ മാത്യുവും കുടുംബവും താമസിച്ച ഫ്ലാറ്റിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തമുണ്ടായത്. അവധികഴിഞ്ഞ് വൈകീട്ട് നാട്ടിൽ നിന്ന് കുവൈത്തിൽ തിരിച്ചെത്തിയ കുടുംബം രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. ഇതിനിടെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തമാണ് നാലുപേരുടെയും മരണത്തിനിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.