രക്ഷാപ്രവർത്തനത്തിന്റെ ചടുലത പരീക്ഷിച്ച് ഫയർ ഫോഴ്സ്
text_fieldsകുവൈത്ത് സിറ്റി: കത്തിപ്പടരുന്ന തീ, രക്ഷാപ്രവർത്തനത്തിന് കുതിച്ചെത്തുന്ന ഹെലികോപ്ടറും വിവിധ സേനാംഗങ്ങളും. കാര്യക്ഷമവും ദ്രുതഗതിയിലുമുള്ള ഇടപെടലുകൾ. നിമിഷങ്ങൾക്കകം എല്ലാം ശാന്തമാകുന്നു, പരിക്കേറ്റവരുമായി വാഹനങ്ങൾ കുതിക്കുന്നു. കുവൈത്ത് ഫയർഫോഴ്സ് ആരിഫ്ജാൻ ഏരിയയിൽ നടത്തിയ മോക്ഡ്രില്ലിലാണ് രക്ഷാപ്രവർത്തനത്തിന്റെ ചടുലവും ആധുനികവുമായ രീതികൾ പരീക്ഷിച്ചത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അസ്സബാഹ്, മറ്റ് നിരവധി മന്ത്രിമാർ, ദേശീയ അസംബ്ലി എം.പിമാർ, ഗവർണർമാർ എന്നിവർ സംബന്ധിച്ചു.
ദുരന്തങ്ങൾ ഉടനടി നേരിടുന്നതിന്റെ ഭാഗമായാണ് പ്രത്യേക ഡ്രിൽ സംഘടിപ്പിച്ചതെന്ന് കുവൈത്ത് ഫയർഫോഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മെക്രാദ് പറഞ്ഞു. പ്രതിസന്ധികളും അപകടങ്ങളും വേഗത്തിൽ കൈകാര്യം ചെയ്യാൻ കൃത്യമായ പരിശീലനവും നവീന ഉപകരണങ്ങളും യന്ത്രങ്ങളുമുള്ള സംഘം തയാറാണെന്നും അദ്ദേഹം പറഞ്ഞു. അപകടഘട്ടങ്ങളിൽ സൈനിക, സിവിൽ, ഓയിൽ അധികാരികൾ തമ്മിലുള്ള വൈദഗ്ധ്യ കൈമാറ്റത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് ഖാലിദ് അൽ മെക്രാദ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.