കുവൈത്തിൽനിന്ന് ആദ്യ വിമാനം നാളെ
text_fieldsകുവൈത്ത് സിറ്റി: കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് തിരിച്ചുപോവാൻ കുവൈത്തിൽനിന്ന് ആദ്യവിമാനം ശനിയാഴ്ച പുറപ്പെടും. ശനിയാഴ്ച രണ്ട് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച പോവേണ്ടിയിരുന്ന കുവൈത്ത് -ഹൈദരാബാദ് എയർ ഇന്ത്യ വിമാനം ശനിയാഴ്ച രാവിലെ 11.45ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 6.30ന് നാട്ടിലെത്തും. രണ്ടാമത്തെ വിമാനം ഉച്ചക്ക് 1.45ന് കുവൈത്തിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. 80 ദീനാറാണ് ടിക്കറ്റ് നിരക്ക്.
എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് കുവൈത്ത് സിറ്റിയിലെ എയർ ഇന്ത്യ ഒാഫിസിലെത്തി ടിക്കറ്റ് സ്വന്തമാക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്. നാലുമണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തണമെന്നാണ് നിർദേശം. കുവൈത്തിൽനിന്ന് നിശ്ചയിച്ച മറ്റു വിമാനങ്ങളും ഷെഡ്യൂൾ അനുസരിച്ച് പുറപ്പെടും.
ഞായറാഴ്ച ചെന്നൈയിലേക്കും ചൊവ്വാഴ്ച അഹമ്മദാബാദിലേക്കും ബുധനാഴ്ച കോഴിക്കോേട്ടക്കും ആണ് മറ്റുവിമാനങ്ങൾ. ഒാരോന്നിലും 200 യാത്രക്കാർ വീതമാണ് ഉണ്ടാവുക. ഗർഭിണികൾ, കാൻസർ രോഗികൾ, കുവൈത്തിൽ ചികിത്സ ലഭ്യമല്ലെന്ന് സാക്ഷ്യപത്രം സമർപ്പിക്കാൻ കഴിയുന്ന രോഗികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്.
അതിനിടെ പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ കഴിയുന്നവരുടെ മടക്കയാത്രക്ക് കളമൊരുങ്ങിയതായും സൂചനയുണ്ട്. ഇവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് വാഗ്ദാനം ചെയ്തിട്ടുണ്ട്. നാട്ടിൽനിന്നുള്ള അനുമതി കാത്തിരിക്കുകയായിരുന്നു. ഇന്ത്യൻ വ്യോമയാന മന്ത്രാലയം അനുമതി നൽകിയതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.