റമദാനിൽ മത്സ്യവില വൻതോതിൽ വർധിക്കാൻ സാധ്യത
text_fieldsകുവൈത്ത് സിറ്റി: ഇത്തവണ റമദാനിൽ മത്സ്യവിപണിയിൽ പൊള്ളുന്ന വിലയാവുമെന്ന് റിപ്പോർട്ട്. സ്വദേശികളും വിദേശികളുമടക്കം ഉപഭോക്താക്കളുടെ ഇഷ്ട ഇനമായ ആവോലി ലഭ്യമാവില്ലെന്നും റിപ്പോർട്ടുണ്ട്. രാജ്യത്തിെൻറ സമുദ്ര ഭാഗങ്ങളിൽ ഈ ഇനത്തിെൻറ സാന്നിധ്യം വളരെ കുറഞ്ഞതും അതോടൊപ്പം ആവോലി പിടിക്കുന്നതിനുള്ള നിരോധനം പ്രാബല്യത്തിൽ വരുന്നതുമാണ് പ്രധാന കാരണം. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ കുവൈത്ത് മത്സ്യ ബന്ധന യൂനിയൻ മേധാവി ദാഹിർ അൽ സുവൈയാൻ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. മേയ് 31 വരെയാണ് ആവോലി പോലുള്ള മത്സ്യങ്ങൾ പിടിക്കുന്നതിന് അനുമതിയുള്ളത്. മേയ് 27ന് റമദാൻ ആരംഭിക്കുമെന്നാണ് പ്രവചനം.
ഇങ്ങനെയാണെങ്കിൽ റമദാൻ തുടങ്ങിയാൽ വെറും അഞ്ചുദിവസം മാത്രമേ വിപണിയിൽ ആവോലിയുണ്ടാകൂ. പ്രജനനം കണക്കിലെടുത്ത് ജൂൺ ഒന്ന് മുതൽ ആവോലിവേട്ടക്ക് അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് രാജ്യത്തിെൻറ തീരപ്രദേശങ്ങളിൽ വൻ തോതിൽ മത്സ്യം ചത്തുപൊങ്ങുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ശുവൈഖ്, അഷീർജ് എന്നീ തീരങ്ങളിൽ നാലര ടൺ മത്സ്യമാണ് ചത്തുപൊങ്ങിയത്.
ആവോലി സമ്പത്ത് രാജ്യത്ത് നാൾക്കുനാൾ കുറഞ്ഞുവരുകയാണ്. 1995ൽ കുവൈത്തിെൻറ സമുദ്ര ഭാഗങ്ങളിൽനിന്ന് പിടിച്ചത് 1200 ടൺ ആവോലിയായിരുന്നെങ്കിൽ ഈ വർഷം അത് 150 ടൺ എന്ന നിലയിലേക്ക് കുറഞ്ഞിട്ടുണ്ട്. ഉപഭോക്താക്കളുടെ മറ്റ് ഇഷ്ട ഇനങ്ങളായ ഹാമൂർ, ചെമ്മീൻ എന്നിവയുടെ കാര്യത്തിലും സ്ഥിതി ഇതുതന്നൊണ്. കുവൈത്തിെൻറ മത്സ്യസമ്പത്ത് കുറഞ്ഞതിന് പിന്നാലെ അയൽരാജ്യക്കാർ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചതും വെല്ലുവിളിയായിട്ടുണ്ട്. ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ മീൻപിടിത്തം മൂന്നിരട്ടിയായി വർധിപ്പിച്ചിട്ടുണ്ടത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.