അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
text_fieldsകുവൈത്ത് സിറ്റി: വ്യാഴാഴ്ച സെൻട്രൽ ജയിലിൽ അഞ്ചു തടവുകാരുടെ വധശിക്ഷ നടപ്പാക്കിയതായി കുവൈത്ത് പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു. മസ്ജിദ് ആക്രമണ കേസിലെ പ്രതി, കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട മൂന്നുപേർ, മയക്കുമരുന്ന് കച്ചവടക്കാരൻ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്.
കൊലക്കുറ്റത്തിന് ഒരു ഈജിപ്തുകാരൻ, മയക്കുമരുന്ന് കടത്തിന് കുവൈത്ത് പൗരൻ, മയക്കുമരുന്ന് കടത്തിന് ശ്രീലങ്കൻ സ്വദേശി എന്നിവർ ശിക്ഷിക്കപ്പെട്ടു. മുസ്ലിം പള്ളി ആക്രമിച്ചയാളുടെയും മറ്റൊരാളുടെയും പൗരത്വം പുറത്തുവിട്ടിട്ടില്ല. ഇവർ നിയമവിരുദ്ധമായി കുവൈത്തിലെത്തിയതായിരുന്നു.
കുവൈത്തിൽ വധശിക്ഷ താരതമ്യേന അപൂർവമാണ്. കഴിഞ്ഞ നവംബറിൽ ഏഴ് തടവുകാരെ വധശിക്ഷക്കു വിധേയമാക്കിയതാണ് അവസാന സംഭവം. അതിനുമുമ്പ്, 2017ൽ ഭരണകുടുംബാംഗം ഉൾപ്പെടെ ഏഴ് തടവുകാരെയും വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. കൊലപാതകം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവക്കാണ് പൊതുവേ വധശിക്ഷ വിധിക്കുന്നത്.
നവംബറിലെ വധശിക്ഷകൾ യൂറോപ്യൻ യൂനിയനിൽനിന്നും മനുഷ്യാവകാശ ഗ്രൂപ്പുകളിൽനിന്നും വിമർശനത്തിന് കാരണമായിരുന്നു. കുവൈത്ത് യാത്രക്കാരുടെ ഷെങ്കൺ വിസ നടപടികൾക്കായുള്ള ചർച്ചകളും പാളം തെറ്റി. എന്നാൽ, ആഭ്യന്തര വിഷയമായാണ് കുവൈത്ത് വധശിക്ഷയെ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.