കുവൈത്തിൽ ഫ്ലക്സിബ്ൾ ജോലിസമയം പ്രാബല്യത്തിൽ
text_fieldsകുവൈത്ത് സിറ്റി: റമദാന്റെ ഭാഗമായി രാജ്യത്ത് ഫ്ലക്സിബ്ൾ ജോലിസമയം നിലവിൽവന്നു. മൂന്നു ഷെഡ്യൂളുകളിലായി സർക്കാർ ഓഫിസുകളിൽ ഫ്ലക്സിബ്ൾ ജോലിസമയം കഴിഞ്ഞ ദിവസം മുതൽ നടപ്പായി. റമദാനിൽ സ്വകാര്യമേഖലയിലും കമ്പനികൾ ജോലിസമയം കുറച്ചിട്ടുണ്ട്. രാജ്യത്തെ സ്കൂളുകളിലും പുതിയ സമയക്രമം നിലവിൽവന്നു.
അതേസമയം, റമദാൻ തുടങ്ങിയതോടെ രാജ്യത്ത് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് വൻ ഗതാഗതത്തിരക്കാണ്. ബുധനാഴ്ച റമദാൻ മുന്നൊരുക്കങ്ങൾക്കായി ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയപ്പോൾ ഇടറോഡുകളടക്കം വൻ കുരുക്കിലമർന്നു.
ആളുകൾ സാധനങ്ങളും ഭക്ഷണസാധനങ്ങളും വാങ്ങാൻ പുറത്തിറങ്ങിയതാണ് വാഹനക്കുരുക്കിന് കാരണമായത്. ഇതിനൊപ്പം ഓഫിസ് സമയം കഴിഞ്ഞുള്ള വാഹനങ്ങളും നിരത്തിലിറങ്ങിയതോടെ പലയിടത്തും വൻ കുരുക്കായി മാറി.
തെരുവുകൾ, സെൻട്രൽ മാർക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ നിരവധി പേർ എത്തിയതിനാൽ ഈ ഭാഗങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു. പലരും മണിക്കൂറുകളോളം തെരുവിൽ കുടുങ്ങി. പാർക്കിങ് ഇല്ലാത്ത ഇടങ്ങളിൽ റോഡിൽ വാഹനങ്ങൾ നിർത്തിയിട്ടതും ഗതാഗതക്കുരുക്ക് വർധിക്കാൻ ഇടയാക്കി. കുവൈത്ത് സിറ്റി, ഹവല്ലി, ഫർവാനിയ എന്നിവിടങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. വ്യാഴാഴ്ചയും നോമ്പുതുറക്ക് തൊട്ടുമുമ്പായി റോഡിൽ തിരക്കേറി.
റമദാനിൽ റോഡുകളിൽ തിരക്ക് പരമാവധി ഒഴിവാക്കാൻ അധികൃതർ ഗതാഗതവകുപ്പിന് നിർദേശം നൽകിയിരുന്നു. രാവിലെ ജോലിക്കു പോകുമ്പോഴും തിരിച്ചുവരുമ്പോഴും നോമ്പ് തുറക്കുന്ന സമയങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.