മടക്കയാത്ര: കുവൈത്തിൽനിന്ന് ആദ്യ വിമാനം വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളുടെ തിരിച്ചുപോക്ക് ആരംഭിക്കാനിരിക്കെ ആദ്യഘട്ടത്തിൽ കുവൈത്തിൽനിന്ന് ഷെഡ്യൂൾ ചെയ്തത് അഞ്ചു വിമാനങ്ങൾ. ഒാരോ വിമാനത്തിലും 200 യാത്രക്കാരാണുണ്ടാവുക. ആദ്യ വിമാനം വെള്ളിയാഴ്ച ഹൈദരാബാദിലേക്കാണ്. ശനിയാഴ്ച കൊച്ചിയിലേക്കും ഞായറാഴ്ച ചെന്നൈയിലേക്കും ചൊവ്വാഴ്ച അഹ്മദാബാദിലേക്കും ബുധനാഴ്ച കോഴിക്കോേട്ടക്കും കുവൈത്തിൽനിന്ന് വിമാനമുണ്ട്. ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് രോഗികൾ, ഗർഭിണികൾ, അടിയന്തര ചികിത്സ ആവശ്യമുള്ളവർ, വയോധികർ, ജോലി നഷ്ടമായവർ എന്നിവർക്ക് മുൻഗണന നൽകിയാണ് തിരിച്ചുകൊണ്ടുപോവുന്നത്.
ആദ്യഘട്ടത്തിൽ 1000 പേരെയാണ് കുവൈത്തിൽനിന്ന് കൊണ്ടുപോവുന്നത്. വിമാന ടിക്കറ്റ് പ്രവാസികൾ സ്വന്തം വഹിക്കണം. കുവൈത്തിൽനിന്ന് കൊച്ചിയിലേക്ക് 19,000 രൂപയാണ് ടിക്കറ്റ് നിരക്ക്. തൊഴിൽ നഷ്ടപ്പെട്ട് പ്രയാസം അനുഭവിക്കുന്നവർക്ക് ഭീമമായ യാത്രാചെലവ് ഭാരമാവും. ഗൾഫ് രാജ്യങ്ങളിൽ കുവൈത്തിൽനിന്നാണ് കൂടിയ നിരക്ക്. മേയ് ഏഴുമുതൽ 14 വരെയായി ആദ്യഘട്ടത്തിൽ 15,000 ഇന്ത്യക്കാരെയാണ് വിവിധ രാജ്യങ്ങളിൽനിന്ന് തിരിച്ചുകൊണ്ടുവരുന്നത്. 64 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. ആദ്യദിവസം കുവൈത്തിൽനിന്ന് വിമാനമില്ല. കോവിഡ് ബാധിതരെ കൊണ്ടുപോകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്രക്കുമുമ്പ് വൈദ്യപരിശോധന നടത്തും. ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയുമാകും യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.