31 രാജ്യങ്ങളിലെ വിമാന വിലക്ക് നിബന്ധനകളോടെ പിൻവലിക്കാൻ സാധ്യത
text_fieldsകുവൈത്ത് സിറ്റി: 31 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് വരുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നിബന്ധനകളോടെ പിൻവലിക്കാൻ സാധ്യത. സർക്കാർ വ്യോമയാന വകുപ്പും ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തി വിലക്ക് പുനഃപരിശോധിക്കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സർക്കാർ നിശ്ചയിക്കുന്ന ഹോട്ടലുകളിൽ സ്വന്തം ചെലവിൽ രണ്ടാഴ്ച ക്വാറൻറീനിൽ കഴിയേണ്ടിവരുമെന്ന നിബന്ധനയോടെ വിലക്ക് നീക്കാനാണ് ആലോചന.
അടുത്ത മാസം തുടക്കം മുതൽ ഘട്ടംഘട്ടമായി ഇളവ് നൽകാനാണ് നീക്കം. അധ്യാപകർ തുടങ്ങി ചില വിഭാഗങ്ങൾക്ക് മുൻഗണനയുണ്ടാവും. ഇന്ത്യ, കൊളംബിയ, അർമേനിയ, സിംഗപ്പൂർ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്സികോ, ലബനാൻ, ഹോേങ്കാങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഇൗജിപ്ത്, പനാമ, പെറു, മൽഡോവ എന്നീ രാജ്യങ്ങളിൽനിന്നാണ് നിലവിൽ കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ളത്.
അവധിക്ക് പോയി നാട്ടിൽ കുടുങ്ങി നിരവധി പേരാണ് പ്രയാസത്തിലുള്ളത്. തിരിച്ചുവരാൻ അവസരമൊരുങ്ങിയാൽ ഇത്തരക്കാർക്ക് വലിയ ആശ്വാസമാവും. കോവിഡ് വ്യാപനം വിലയിരുത്തി രാജ്യങ്ങളുടെ പട്ടിക ഇടക്കിടെ പുതുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.