വിമാന സർവിസ് അനിശ്ചിതത്വത്തിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ അനിശ്ചിതത്വത്തിലായതോടെ നിരവധി പേർ പ്രയാസത്തിൽ.
വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ കൊണ്ടുപോവാൻ ഏർപ്പെടുത്തിയ വന്ദേ ഭാരത് ദൗത്യത്തിെൻറ നാലാംഘട്ടത്തിൽ കുവൈത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഒരാഴ്ചയിലേറെയായി കുവൈത്തിൽനിന്നുള്ള വിമാനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. നാലാംഘട്ടത്തിൽ എയർ ഇന്ത്യയെ തഴഞ്ഞ് സ്വകാര്യ വിമാനക്കമ്പനികൾക്ക് അവസരം നൽകിയത് പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ട്.
സ്വകാര്യ വിമാനക്കമ്പനികൾ എംബസി നൽകുന്ന പട്ടികയിൽനിന്ന് കുറച്ചുപേരെ ഉൾപ്പെടുത്തുകയും ബാക്കി സീറ്റുകൾ ട്രാവൽസുകൾ വഴി വിൽക്കുകയുമായിരുന്നു. വന്ദേ ഭാരത് നിരക്കിനേക്കാൾ അധികമായാണ് ട്രാവൽസുകൾ വഴി വിൽക്കുന്നത്. ഇത് കുവൈത്തിലെ വിമാനക്കമ്പനികളായ കുവൈത്ത് എയർവേയ്സിനും ജസീറ എയർവേയ്സിനും പ്രതിഷേധമുണ്ടാക്കി. പൗരന്മാരെ തിരിച്ചുകൊണ്ടുപോവുന്ന ദൗത്യമല്ല കൊമേഴ്സ്യൽ സർവീസിന് സമാനമായ പ്രവർത്തനമാണ് ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികൾ നടത്തുന്നതെന്നും അങ്ങനെയെങ്കിൽ തങ്ങൾക്കും തുല്യ അവസരം നൽകണമെന്നാണ് കുവൈത്തി വിമാനക്കമ്പനികളുടെ ആവശ്യം.
പൊതുമാപ്പിൽ രജിസ്റ്റർ ചെയ്ത വിദേശികളെ സൗജന്യമായി കൊണ്ടുപോയത് തങ്ങളാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച തർക്കമാണ് വന്ദേ ഭാരത് ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കിയത്. അതിനിടെ ചാർേട്ടഡ് വിമാനങ്ങളും മുടങ്ങിയതോടെ നാടണയാൻ ഒരു വഴിയും ഇല്ലാതായി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും ചാർട്ട് ചെയ്തിരുന്ന വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
ജൂലൈ 24 മുതൽ 31 വരെ കുവൈത്തിൽനിന്നുള്ള മുഴുവൻ വിമാന സർവീസുകൾക്കും ഇന്ത്യൻ വ്യോമയാന മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയതാണ് കാരമെന്നാണ് റിപ്പോർട്ട്. ഫലത്തിൽ പെെട്ടന്ന് നാട്ടിൽ പോവാൻ ആഗ്രഹിക്കുന്ന നിരവധി പേർക്ക് വഴി അടഞ്ഞിരിക്കുകയാണ്. ടിക്കറ്റ് ബുക്ക് ചെയ്തും യാത്ര ആസൂത്രണം ചെയ്തും മുറികൾ ഒഴിഞ്ഞുകൊടുത്ത നിരവധി പേർ പ്രതിസന്ധിയിലായി.
രോഗികളും പ്രായമായവരും ജോലി നഷ്ടപ്പെട്ടവരും ഉൾപ്പെടെ പ്രയാസത്തിലായിട്ടുണ്ട്. എന്ന് ശരിയാവും എന്ന് വ്യക്തത പോലുമില്ലാത്ത അനിശ്ചിതത്വമാണ് നിലവിലുള്ളത്. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്നത് വിമാന സർവീസുകളെ ദീർഘകാലത്തേക്ക് ബാധിച്ചേക്കാമെന്ന ഭീഷണിയും മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.