മൂടൽമഞ്ഞ് : കുവൈത്ത് വിമാനത്താവളത്തിൽ സർവിസുകൾ താളംതെറ്റി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച രാത്രിയുണ്ടായ കനത്ത മൂടൽമഞ്ഞ് വിമാന സർവിസുകളെ താളം തെറ്റിച്ചു. റൺവേ കാണാത്ത വിധം മഞ്ഞുമൂടിയതോടെ 40ഒാളം വിമാനങ്ങളാണ് വഴിതിരിച്ചുവിടുകയോ വൈകിക്കുകയോ ചെയ്തത്. ദുബൈയിൽനിന്നുള്ള ഫ്ലൈ ദുബൈ, ജസീറ എയർവേസ്, ദോഹയിൽനിന്നുള്ള ജസീറ എയർവേസ് തുടങ്ങി ഏതാനും വിമാനങ്ങൾ സർവിസ് റദ്ദാക്കി.
മിക്കവാറും എല്ലാ വിമാനങ്ങളും മണിക്കൂറുകൾ വൈകിയാണ് ഇറങ്ങിയത്. ചില വിമാനങ്ങൾ 18 മണിക്കൂർ വരെ വൈകി. പുലർച്ചെ 6.25ന് ഇറങ്ങേണ്ട മുംബൈയിൽനിന്നുള്ള ജസീറ എയർവേസ് ഇറങ്ങിയത് ഉച്ചക്ക് 2.52നാണ്. 6.55ന് ഇറങ്ങേണ്ട ദുബൈ ജസീറ എയർവേസ് മൂന്നുമണി കഴിഞ്ഞു. പുലർച്ചെ 3.15ന് ഇറങ്ങേണ്ട ഇൗജിപ്ത് എയർ വിമാനം ഇറങ്ങിയത് ഉച്ചക്ക് 12.14നാണ്, നാലുമണിക്ക് ഇറങ്ങേണ്ട വിമാനം ഇറങ്ങിയത് രാത്രി 9.40ന്. ഇങ്ങനെ ഏതാണ്ടെല്ലാ സർവിസുകളും വൈകി. ശനിയാഴ്ച രാത്രി 11 മണി മുതൽ ആണ് പ്രശ്നം രൂക്ഷമായത്. പുലർച്ചെ അഞ്ചുമണിയോടെ അന്തരീക്ഷം തെളിഞ്ഞു. ധാക്കയിൽനിന്നുള്ള ജസീറ എയർവേസ്, ഇന്ത്യയിൽനിന്നുള്ള എയർ ഇന്ത്യ തുടങ്ങി ഏതാനും വിമാനങ്ങൾ മാത്രമാണ് മഞ്ഞിനെ അവഗണിച്ച് ഇറക്കാൻ തയാറായത്. മറ്റു പലതും ദുബൈ, ഇറാൻ, മുംബൈ, സൗദി തുടങ്ങി പലയിടത്തേക്കും വഴിതിരിച്ചുവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.