ഫോക് 16ാം വാർഷികാഘോഷം 'കണ്ണൂർ മഹോത്സവം 2021'
text_fieldsകുവൈത്ത് സിറ്റി: ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാക്ട്സ് അസോസിയേഷൻ (ഫോക്) 16ാം വാർഷികാഘോഷം 'കണ്ണൂർ മഹോത്സവം 2021' ഓൺലൈനായി നടത്തി. സാംസ്കാരിക സമ്മേളനം ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.എൻ. സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. ലിജീഷ് സ്വാഗതം പറഞ്ഞു. വാർഷിക സുവനീർ 'പുനർനവം' കൺവീനർ സുനിൽ കുമാറിൽനിന്ന് ആദ്യ കോപ്പി എറ്റുവാങ്ങി അൽമുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ഹുസേഫാ അബ്ബാസി പ്രകാശനം നിർവഹിച്ചു. കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും രക്തദാന ക്യാമ്പിനും സഹകരണം നൽകിയ ആരോഗ്യപ്രവർത്തകരെയും ഫോക് മലയാളം മിഷൻ മാതൃഭാഷ അധ്യാപകരെയും ആദരിച്ചു. ഉപരിപഠനത്തിനർഹരായ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡും കൈമാറി.
സംഘടനയിലേക്ക് കൂടുതൽ അംഗങ്ങളെ ചേർത്ത ഷാജിത്ത് ഗംഗാദരൻ, പി.കെ. സജിൽ എന്നിവരെയും വജ്രകാന്തി ആഗോള ക്വിസ് മത്സരത്തിൽ ഫോക്കിനെ പ്രതിനിധാനംചെയ്ത് വിജയികളായ കുട്ടികളെയും അനുമോദിച്ചു. 14ാമത് ഗോൾഡൻ ഫോക്ക് അവാർഡിനൊപ്പം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് നൽകുന്ന പ്രശംസപത്രം മെംബർഷിപ് സെക്രട്ടറി സുജേഷ് വായിച്ചു. സി.ടി.വി സരിഗമപ ഫെയിം പിന്നണി ഗായിക കീർത്തന, ഫ്ലവേഴ്സ് ടി.വി ഫെയിം ആക്ടറും ഗായകനുമായ നൗഫൽ റഹ്മാൻ, നാടൻപാട്ട് കലാകാരൻ രഞ്ജിത്ത് ചാലക്കുടി, കൈരളി ടി.വി ഗന്ധർവ സംഗീതം ഫെയിം പിന്നണിഗായകൻ വിപിൻ നാഥ്, നടിയും അവതാരകയുമായ ഗീതിക, മിമിക്രി കലാകാരന്മാർ എന്നിവർ അണിനിരന്ന മ്യൂസിക്കൽ മെഗാ ഷോയും അരങ്ങേറി. ഫോക്ക് ബാലവേദി കുട്ടികൾ അവതരിപ്പിച്ച 'സല്യൂട്ട് ഇന്ത്യ' നൃത്ത സംഗീത ആൽബം ശ്രദ്ധ നേടി.
സംഗീത സംവിധായകൻ രാഘവൻ മാഷ് അനുസ്മരണ സംഗീതാർച്ചനയും നടത്തി. ട്രഷറർ മഹേഷ് കുമാർ, ഉപദേശക സമിതിയംഗങ്ങളായ അനിൽ കേളോത്ത്, കെ.ഇ. രമേശ്, വനിതാവേദി വൈസ് ചെയർപേഴ്സൺ മിനി മനോജ്, ബാലവേദി കൺവീനർ സഞ്ജയ് ജിതേഷ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ടി.വി. സാബു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.