ഭക്ഷണം, മരുന്ന്, ശീതകാല വസ്ത്രങ്ങൾ; ഗസ്സയിലേക്ക് ഐ.ഐ.സി.ഒ ദുരിതാശ്വാസ ട്രക്കുകൾ
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലെ ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കാൻ ആറ് ദുരിതാശ്വാസ ട്രക്കുകൾ തയാറാണെന്ന് ഇന്റർനാഷനൽ ഇസ് ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ) വ്യക്തമാക്കി. കുവൈത്ത്, ജോർഡൻ ഹാശിമൈറ്റ് ചാരിറ്റി ഓർഗനൈസേഷൻ (ജെ.എച്ച്.സി.ഒ) എന്നിവയുടെ സഹകരണത്തിലാണ് ഗസ്സ റിലീഫ് കോൺവോയ് കാമ്പയിനിന്റെ ഭാഗമായി ഇവ ഒരുക്കിയത്.
കുവൈത്ത് സന്നദ്ധ സംഘങ്ങളുടെയും ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും പിന്തുണയും ഉണ്ട്. ഭക്ഷണം, മരുന്നുകൾ, ശീതകാല വസ്ത്രങ്ങൾ എന്നിവ അടങ്ങുന്ന സഹായം വൈകാതെ ഗസ്സയിലെത്തുമെന്ന് ജോർഡനിലെ ഐ.ഐ.സി.ഒ ഓഫിസ് മാനേജർ ഡോ. മുസ്തഫ അൽ അവദ് പറഞ്ഞു.
ഫലസ്തീൻ ജനതക്കൊപ്പം പൂർണ ഹൃദയത്തോടെ നിലകൊള്ളുകയും അവരെ നിരന്തരം സഹായിക്കുകയും ചെയ്യുന്ന രാജ്യമാണ് കുവൈത്തെന്ന് ജോർഡനിലെ കുവൈത്ത് അംബാസഡർ ഹമദ് അൽ മറി പറഞ്ഞു.
ഇസ്രായേൽ അധിനിവേശം അവസാനിക്കുന്നതുവരെയും കിഴക്കൻ ജറുസലം തലസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുന്നതുവരെയും കുവൈത്ത് ഫലസ്തീൻ ജനതക്ക് ഭൗതികവും ധാർമികവുമായ പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്ത് സർക്കാറും ജനങ്ങളും ഫലസ്തീൻ ജനതയെ അവരുടെ വിധിക്ക് വിട്ടുകൊടുക്കില്ല. ഗസ്സയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.