ഭക്ഷ്യസുരക്ഷ: ദീർഘകാല പദ്ധതികൾ ആലോചനയിൽ
text_fieldsകുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ദീർഘകാല പദ്ധതികൾ കുവൈത്ത് ആലോചിക്കുന്നു. സമീപകാലത്ത് വിവിധ രാജ്യങ്ങളിൽ അനുഭവപ്പെട്ട ക്ഷാമമാണ് സ്ഥിരം പരിഹാരത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. കാർഷിക മത്സ്യബന്ധന പബ്ലിക് അതോറിറ്റി ഭക്ഷ്യ സുരക്ഷക്കായി കർമപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവന്ന് ആഭ്യന്തര കാർഷിക ഉൽപാദനം വർധിപ്പിക്കാനാണ് ആലോചന. കാർഷിക മേഖലയിൽ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കുക, ഭക്ഷ്യസുരക്ഷക്കായി സുപ്രീം കൗൺസിൽ സ്ഥാപിക്കുക, സംഭരണ സംവിധാനങ്ങൾ വിപുലപ്പെടുത്തുക, കാർഷിക രീതികൾ നവീകരിക്കുക, സ്ട്രാറ്റജിക് സ്റ്റോക്ക് വർധിപ്പിക്കുക, കാർഷിക പദ്ധതികൾക്ക് ധനസഹായം നൽകുക, കാർഷിക ഉൽപാദനവുമായി ബന്ധപ്പെട്ട വ്യാവസായിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുക തുടങ്ങിയവയാണ് അജണ്ടയിലുള്ളത്.
പച്ചക്കറിയിൽ 100 ശതമാനം സ്വയംപര്യാപ്തതയാണ് ലക്ഷ്യം വെക്കുന്നത്. ജനസംഖ്യ വർധനകൂടി കണക്കിലെടുത്ത് ഭാവിയിലേക്കുള്ള ആവശ്യകത മനസ്സിലാക്കിയുള്ള പദ്ധതിക്കാണ് രൂപം നൽകുക. മത്സരശേഷി വർധിപ്പിക്കുന്നതിനായി വിവിധ കാർഷിക കണ്ടുപിടിത്തങ്ങൾക്ക് പിന്തുണ നൽകും. കാർഷിക മേഖലയിലെ വാണിജ്യ, വ്യവസായിക പ്രവർത്തനങ്ങൾക്കും സർക്കാർ തലത്തിൽ പിന്തുണയും പ്രോത്സാഹനവും നൽകും.
പുതിയ ഉൽപന്നങ്ങൾ വികസിപ്പിക്കുക, ജ്യൂസുകൾ, തക്കാളി പേസ്റ്റ്, ജാം, ഫ്രീസ്-ഉണക്കിയ പച്ചക്കറികൾ തുടങ്ങി മൂല്യവർധിത ഉൽപന്നങ്ങൾക്കായി വ്യവസായ പദ്ധതികൾ രൂപപ്പെടുത്തുക, സീസണൽ കാർഷിക ഉൽപന്നങ്ങളെ വിലയിലെ ഏറ്റക്കുറച്ചിലിൽനിന്ന് രക്ഷിക്കാനായി സംഭരണ സംവിധാനങ്ങൾ രൂപപ്പെടുത്തുക, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾ സൃഷ്ടിക്കുക എന്നിവയും അജണ്ടയിലുണ്ട്.
കുവൈത്തിലെ മണ്ണും കാലാവസ്ഥയും കാർഷിക, ഭക്ഷ്യ ഉൽപാദനത്തിന് ഒട്ടേറെ പരിമിതികൾ സൃഷ്ടിക്കുന്നുണ്ട്. നവീന ആശയങ്ങളും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ ഇതിനെ മറികടക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.