ഭക്ഷ്യ കരുതൽശേഖരം കുറഞ്ഞുവരുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ തന്ത്രപ്രധാനമായ കരുതൽ കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. വാണിജ്യ മന്ത്രാലയം മന്ത്രിസഭ സാമ്പത്തിക സമിതിക്ക് മുമ്പാകെ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
റഷ്യ, യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങളാണ് കുവൈത്തിന്റെ ഭക്ഷ്യ കരുതൽശേഖരം കുറയാൻ കാരണം. ഒരുവർഷത്തേക്കുള്ള കരുതൽ ശേഖരം ഉണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. അതേസമയം, ശീതീകരിച്ച കോഴിയിറച്ചി ഉൾപ്പെടെ ചില ഉൽപന്നങ്ങൾക്ക് പ്രത്യേക ക്ഷാമം ഉണ്ട്. ശീതീകരിച്ച കോഴിയിറച്ചിയുടെ കരുതൽ കുവൈത്തിലെ മുഴുവൻ ജനങ്ങൾക്കും ഏകദേശം 15 ദിവസത്തേക്കും റേഷൻ കാർഡ് ഉടമകൾക്ക് ഒരുമാസത്തേക്കും പര്യാപ്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പയർ ഉൽപന്നങ്ങളുടെ സ്റ്റോക്ക് പൊതുജനങ്ങൾക്ക് ഏകദേശം ഒരുമാസത്തേക്കും റേഷൻ കാർഡ് ഉടമകൾക്ക് 60 ദിവസത്തേക്കും പര്യാപ്തമാണ്. ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും പ്രധാന ഭക്ഷ്യവസ്തുക്കളുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനുമായി മിനിസ്റ്റീരിയൽ അഡ്‌ഹോക് കമ്മിറ്റിക്കും മന്ത്രിസഭ രൂപംനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.