ഫുട്ബാൾ ലോകകപ്പ് 16ന് കുവൈത്തിലെത്തും
text_fieldsകുവൈത്ത് സിറ്റി: ഫിഫ ലോകകപ്പിന്റെ ഒറിജിനൽ ട്രോഫി 16ന് കുവൈത്തിലെത്തിക്കും. ഖത്തർ ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങളിൽ നടത്തുന്ന ട്രോഫി ടൂറിന്റെ ഭാഗമായാണ് കുവൈത്തിലും എത്തിക്കുന്നത്. കുവൈത്തിലെ ശൈഖ് ജാബിർ കൾച്ചറൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ട്രോഫി പ്രദർശിപ്പിക്കും. 54 രാജ്യങ്ങളിലാണ് ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കുന്നത്.
ഗൾഫിൽ ആദ്യമായി എത്തുന്ന കാൽപന്ത് കളിയുടെ മഹാമേളയുടെ ആവേശം വിവിധ രാജ്യങ്ങളിൽ പടർത്താൻ ട്രോഫി ടൂർ വഴിയൊരുക്കും. സിരകളിൽ തീപടരുന്ന കളിയാവേശത്തിലേക്ക് ഇനി ആറുമാസം കൂടിയേ ഉള്ളൂ. വിവിധ പരിപാടികളും ഫാൻ പ്രവർത്തനങ്ങളുമായാണ് ഖത്തർ ലോകകപ്പിനെ വരവേൽക്കുന്നത്. കൗണ്ട്ഡൗണിന്റെ ഭാഗമായാണ് ട്രോഫി ടൂർ നടത്തുന്നത്.
കഫുവും സിനദിൻ സിദാനും ഫാബിയോ കന്നവാരോയും മുതൽ ഐകർ കസീയസും ഫിലിപ് ലാമും ഹ്യൂഗോ ലോറിസും ഉൾപ്പെടെ വിജയ നായകർ കൈയിലേന്തിയ ട്രോഫി അടുത്തുനിന്ന് കാണാനും ചിത്രം പകർത്താനുമുള്ള അവസരമാണ് ആരാധകർക്കിത്. മുഖ്യാതിഥികളായി ഫുട്ബാൾ താരങ്ങളും വിശിഷ്ട വ്യക്തിത്വങ്ങളും പ്രദർശന ചടങ്ങുകളിൽ സന്നിഹിതരായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.