കുവൈത്ത് ദേശീയ അസംബ്ലി സമ്മേളനത്തിന് ഇന്ന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: പതിനേഴാം ദേശീയ അസംബ്ലി കാലയളവിന്റെ രണ്ടാം പതിവ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാകും. രാവിലെ 10ന് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം ചെയ്യും.
രാജ്യത്തിന് ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിന് സർക്കാറും പാർലമെന്റും തമ്മിലുള്ള സഹകരണം തുടർന്നുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൗരന്മാർ. രാജ്യത്തിന്റെയും പൗരന്മാരുടെയും വികസനത്തിന് സഹായകമായ നിരവധി പദ്ധതികളുടെ പട്ടിക ദേശീയ അസംബ്ലിക്ക് മുമ്പാകെയുണ്ട്.
ചൊവ്വാഴ്ചയിലെ സെഷനിൽ രാജ്യത്തിന്റെ സ്ട്രാറ്റജിക് റിസർവ്, വിരമിച്ചവർക്കുള്ള കൂടുതൽ ആനുകൂല്യങ്ങൾ, തെരഞ്ഞെടുപ്പ് നിയമങ്ങൾ ഭേദഗതി ചെയ്യൽ, റിയൽ എസ്റ്റേറ്റ് ധനസഹായം എന്നിവയും മറ്റും കേന്ദ്രീകരിച്ചുള്ള നിരവധി പ്രശ്നങ്ങളും നിയമങ്ങളും അസംബ്ലിയിൽ അവതരിപ്പിക്കും. ട്രാഫിക് നിയമങ്ങൾ, താമസക്കാരുടെ വിസകൾ, കുവൈത്തിന്റെ വടക്കൻ മേഖലയുടെ വികസനം, കമ്പനികളുടെ നികുതി, മറ്റ് പ്രമുഖ വിഷയങ്ങൾ എന്നിവ ഉൾപ്പെടുന്ന പാർലമെന്ററി മുൻഗണനകളുടെ പട്ടിക സർക്കാർ സമർപ്പിച്ചിട്ടുണ്ട്.
മുൻ അസംബ്ലികളിൽ നിന്ന് വ്യത്യസ്തമായി ദേശീയ അസംബ്ലിയും സർക്കാറും ഏകോപനത്തിലാണ് നിലവിൽ മുന്നോട്ടുപോകുന്നത്.
രാജ്യത്തിന്റെ വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സർക്കാറിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകിയതിന് കുവൈത്ത് നേതൃത്വത്തിനും ദേശീയ അസംബ്ലിക്കും മന്ത്രിസഭ അടുത്തിടെ നന്ദി അറിയിച്ചിരുന്നു.
ഇസ്രായേൽ ആക്രമണത്തിൽ ദുരിതം നേരിടുന്ന ഫലസ്തീൻ ജനതക്ക് ബുധനാഴ്ച ദേശീയ അസംബ്ലി ഐക്യദാർഢ്യം പ്രകടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.