വിദേശി പ്രവേശനം: വിമാനത്താവള പ്രവർത്തനം വിജയകരം
text_fieldsവിമാനത്താവളത്തിൽ നേരത്തേതന്നെ ഒരുക്കം പൂർത്തിയാക്കിയിരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ചതിന് ശേഷം വിമാനത്താവളത്തിെൻറ പ്രവർത്തനം വിജയകരമായിരുന്നതായി വിലയിരുത്തൽ. 88 വിമാനങ്ങളിലായി 8541 യാത്രക്കാരാണ് ആദ്യ ദിവസം ഉണ്ടായിരുന്നത്. ഇതിൽ 3518 പേർ കുവൈത്തിലേക്ക് എത്തിയവരും 5023 പേർ കുവൈത്തിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പോയവരുമാണ്.
വാക്സിനേഷൻ പൂർത്തിയാക്കിയ വിദേശികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള മന്ത്രിസഭ ഉത്തരവ് നടപ്പാക്കാൻ വിമാനത്താവളത്തിൽ നേരത്തേതന്നെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഇമ്യൂൺ ആപ്ലിക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസ് ഇല്ലാത്ത ഏതാനും യാത്രക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത് മാറ്റിനിർത്തിയാൽ വിമാനത്താവളത്തിെൻറ പ്രവർത്തനം സുഗമമായിരുന്നു.
ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ തുടങ്ങി വിവിധ സർക്കാർ ഘടകങ്ങളുടെ ഏകോപനം മൂലമാണ് ഇത് സാധ്യമായതെന്ന് സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു. നടപടിക്രമങ്ങൾ വിലയിരുത്താനായി ആരോഗ്യ മന്ത്രി ഡോ. ശൈഖ് ബാസിൽ അസ്സബാഹിെൻറ നേതൃത്വത്തിൽ ഉന്നതതല സംഘം വിമാനത്താവളത്തിൽ സന്ദർശനം നടത്തിയിരുന്നു.
അറബ്-യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാരാണ് ഇപ്പോൾ കൂടുതലായും എത്തുന്നത്. ഇന്ത്യയിൽനിന്നുള്ള വിമാന സർവിസുകൾക്ക് ഡി.ജി.സി.എ ഇതുവരെ അനുമതി നൽകിയിട്ടില്ല. കുവൈത്ത് അംഗീകരിച്ച വാക്സിനുകളിൽ ഏതെങ്കിലും ഒന്നിെൻറ ഡോസേജ് പൂർത്തിയാക്കിയവർക്ക് ആരോഗ്യ മന്ത്രാലയത്തിെൻറ ഇമ്യൂൺ ആപ്ലിക്കേഷനിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ലഭിച്ചാലാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.
ആപ്പിൽ രജിസ്റ്റർ ചെയ്യാത്ത യാത്രക്കാരെ വിമാനത്താവളത്തിൽ തടഞ്ഞു
കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിെൻറ ഇമ്യൂൺ ആപ്പിൽ രജിസ്റ്റർ ചെയ്യാത്ത യാത്രക്കാരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു. ലണ്ടനിൽനിന്ന് വന്ന യാത്രക്കാരാണ് കുടുങ്ങിയത്. ഇവർ രണ്ട് ഡോസ് അംഗീകൃത വാക്സിൻ എടുത്തവരായിരുന്നു.
എന്നാൽ, സർട്ടിഫിക്കറ്റ് ആപ്പിൽ രജിസ്റ്റർ ചെയ്ത് ഗ്രീൻ സിഗ്നൽ സ്വന്തമാക്കിയിരുന്നില്ല. കുവൈത്തിെൻറ പുതിയ യാത്രാ മാനദണ്ഡ പ്രകാരം ഇത് ആവശ്യമാണ്. ആഗസ്റ്റ് ഒന്നു മുതൽ വിദേശികൾ കുവൈത്തിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഗ്രീൻ സിഗ്നൽ കാത്തിരിക്കുകയാണ് ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ. ഇമ്യൂൺ ആപ്പിലെ വാക്സിനേഷൻ-കോവിഡ് സ്റ്റാറ്റസ് രാജ്യത്തിനകത്ത് മാളുകൾ, സലൂണുകൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പ്രവേശനത്തിന് മാനദണ്ഡമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.