ഫലസ്തീനിനെതിരായ ആക്രമണം അന്താരാഷ്ട്ര സമൂഹം ഇടപെടണം –വിദേശകാര്യ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കെതിരായ തുടർച്ചയായ ഇസ്രായേൽ ആക്രമണങ്ങളിൽ കുവൈത്തിന്റെ ശക്തമായ പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്. യു.എൻ സുരക്ഷ കൗൺസിൽ പ്രമേയങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങളെ കുവൈത്ത് ആശങ്കയോടെ കാണുന്നതായി അദ്ദേഹം വ്യക്തമാക്കി. കൈറോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന ജറൂസലമിനെ പിന്തുണക്കുന്നതിനുള്ള ഉന്നതതല സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശൈഖ് സലീം. ഫലസ്തീൻ, ഈജിപ്ഷ്യൻ പ്രസിഡന്റുമാരായ മഹ്മൂദ് അബ്ബാസ്, അബ്ദുൽ ഫത്താഹ് അൽസീസി, ജോർഡനിലെ അബ്ദുല്ല രണ്ടാമൻ രാജാവ്, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗെയ്ത് എന്നിവർ സമ്മേളനത്തിൽ ഒത്തുചേർന്നു.
കുവൈത്ത് പ്രതിനിധിസംഘത്തെ നയിച്ച ശൈഖ് സലീം, വെസ്റ്റ് ബാങ്ക് നഗരമായ ജെനിനുനേരെ അടുത്തിടെ ഇസ്രായേൽ നടത്തിയ ആക്രമണം അനുസ്മരിച്ചു. ജെനിനിൽ ഡസൻകണക്കിന് നിരായുധരായ സിവിലിയന്മാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജറൂസലമിലെ അൽഅഖ്സ മസ്ജിദിനുനേരെ ആവർത്തിച്ചുള്ള ആക്രമണം നടക്കുന്നു. ഫലസ്തീൻ രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ നടത്തുന്ന നിയമലംഘനങ്ങളോട് അടിയന്തരമായും ഫലപ്രദമായും പ്രതികരിക്കാനും ഫലസ്തീൻ ജനതക്ക് പൂർണ സംരക്ഷണം നൽകാനും അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ തുടർച്ചയായ അക്രമങ്ങൾ മേഖലയിലെ സമാധാന സാധ്യതകളെ തുരങ്കംവെക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സാക്ഷാത്കരിക്കുന്നതിനും അധിനിവേശം അവസാനിപ്പിക്കുന്നതിനും കുവൈത്ത് പിന്തുണക്കുന്നു. സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഫലസ്തീൻ ശ്രമങ്ങൾക്കും പിന്തുണ നൽകുന്നു. യു.എൻ പ്രമേയങ്ങൾ, ദ്വിരാഷ്ട്ര വീക്ഷണം, സമാധാനത്തിനായുള്ള അറബ് സംരംഭം എന്നിവക്ക് അനുസൃതമായി കിഴക്കൻ ജറൂസലം അതിന്റെ തലസ്ഥാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സമ്മേളനത്തിനായി ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലിക്കി നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. തുർക്കിയ, സിറിയ എന്നിവിടങ്ങളിലെ ഭൂകമ്പത്തിൽ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച ശൈഖ് സലീം കുവൈത്തിന്റെ ആത്മാർഥമായ സഹതാപവും ഇരകളുടെ കുടുംബങ്ങളോട് പൂർണമായ ഐക്യദാർഢ്യവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.