വിദേശകാര്യമന്ത്രി യൂറോപ്യൻ മന്ത്രിമാരുമായും നയതന്ത്രജ്ഞരുമായും കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ജർമനിയിൽ മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിന് (എം.എസ്.സി) എത്തിയ വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായും ഉന്നത നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കൽ എന്നിവ ചർച്ചയുടെ ഭാഗമായിരുന്നു.
യൂറോപ്യൻ യൂനിയൻ ഫോർ ഫോറിൻ അഫയേഴ്സ് ആൻഡ് സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധി ജോസെപ് ബോറെലുമായുള്ള കൂടിക്കാഴ്ചയിൽ ഷെങ്കൻ വിസ ചർച്ചയായി. യൂറോപ്പിലെ ചില രാജ്യങ്ങളിലൂടെ സഞ്ചരിക്കാൻ അനുമതിയുള്ള പ്രത്യേക വിസയാണ് ഷെങ്കൻ.
കുവൈത്ത് പൗരന്മാർക്ക് ഷെങ്കൻ വിസ ഇളവ് നൽകുന്ന വിഷയത്തിൽ കുവൈത്തിന്റെ നിലപാട് ശൈഖ് സലീം ചർച്ചയിൽ വിശദീകരിച്ചു.
യൂറോപ്യൻ കമിഷൻ വൈസ് പ്രസിഡന്റ് കൂടിയായ ബോറെൽ, കുവൈത്തിന്റെ നിലപാടും വിസ ഒഴിവാക്കൽ രേഖകളിലുള്ള താൽപര്യവും മനസ്സിലാക്കുകയും കുവൈത്തുമായുള്ള യൂറോപ്യൻ യൂനിയൻ ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
യുെക്രയ്നിലെ യുദ്ധം, മിഡിൽ ഈസ്റ്റിലെ സാഹചര്യം, ഇറാന്റെ ആണവ നയം എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങളും ചർച്ചയായി. കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളിയുമായും ശൈഖ് സലീം ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ അവയെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ചർച്ച ചെയ്തു.
യുക്രെയ്ൻ, അഫ്ഗാനിസ്താൻ, മിഡിൽ ഈസ്റ്റ് എന്നീ മേഖലകളിലെയും അന്താരാഷ്ട്ര സുരക്ഷ വെല്ലുവിളികളും ചർച്ചചെയ്തു. സ്ലൊവീനിയൻ, സ്വിസ് കൗൺസിലർമാരായ തൻജ ഫാജോൺ, ഇഗ്നാസിയോ കാസിസ് എന്നിവരുമായും കുവൈത്ത് വിദേശകാര്യ മന്ത്രി സംസാരിച്ചു. യൂറോപ്യൻ രാജ്യങ്ങളുമായുള്ള കുവൈത്തിന്റെ ബന്ധവും സഹകരണവും ചർച്ചയിൽ ഉയർത്തി.
ജർമൻ സഹമന്ത്രി തോബിയാസ് ലിൻഡ്നറുമായും ശൈഖ് സലീം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. പ്രാദേശിക, അന്തർദേശീയ സുരക്ഷ വെല്ലുവിളികൾ കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ചർച്ചചെയ്തു. യുക്രെയ്ൻ പ്രതിസന്ധി, മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങൾ, യമൻ, സിറിയ, ഇറാൻ എന്നിവിടങ്ങളിലെ സംഭവവികാസങ്ങൾ എന്നിവ ചർച്ചയിൽ ഉൾപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ച് ഇരുവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.