വിദേശികളുടെ ലൈസൻസ് ഇപ്പോൾ ഓൺലൈനായി പുതുക്കാം
text_fieldsകുവൈത്ത് സിറ്റി: വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കുന്ന സംവിധാനം പുനഃസ്ഥാപിച്ചു. രണ്ടാഴ്ചയോളമായി ഈ സംവിധാനം മരവിപ്പിച്ചിരിക്കുകയായിരുന്നു. എല്ലാ ലൈസൻസുകളും പരിശോധിച്ച് അർഹതയുള്ളവരുടേത് മാത്രം നിലനിർത്താൻ നടപടിക്രമങ്ങളുടെ ഭാഗമായി വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി വാർത്തയുണ്ടായിരുന്നു. അധികൃതർ ഇത് നിഷേധിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ലൈസൻസ് പുതുക്കാൻ സാധിച്ചിരുന്നില്ല. ഇതാണ് ഇപ്പോൾ പുനഃസ്ഥാപിച്ചത്. നിലവിൽ ഏഴ് ലക്ഷത്തിലധികം വിദേശികൾക്ക് കുവൈത്ത് ഡ്രൈവിങ് ലൈസൻസുണ്ട്. ഇതിൽ രണ്ടര ലക്ഷത്തോളം പേർ ലൈസൻസിനുള്ള നിശ്ചിത അർഹത മാനദണ്ഡങ്ങൾ പുലർത്തുന്നില്ല എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് അർഹത പരിശോധന നടത്താൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനൻറ് ജനറൽ ഫൈസൽ അൽ നവാഫ് നിർദേശം നൽകിയത്. എല്ലാ ലൈസൻസുകളും പരിശോധിച്ച് അർഹതയുള്ളവരുടേത് മാത്രം നിലനിർത്താൻ നടപടിക്രമങ്ങൾക്ക് മൂന്നുമാസം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് സ്ഥിരമായി തിരിച്ചുപോയവരുടേതും നാട്ടിൽ പോയി ഇഖാമ പുതുക്കാൻ കഴിയാത്തതിനാൽ തിരിച്ചുവരാൻ കഴിയാത്തവരുടേതും തൊഴിൽ മാറ്റവും മറ്റു കാരണങ്ങളാലും ലൈസൻസിനുള്ള അർഹത പരിധിക്ക് പുറത്തായവരുടേതുമാണ് ഡ്രൈവിങ് ലൈസൻസ് പിൻവലിക്കുന്നത്. ലൈസൻസ് എടുക്കുമ്പോൾ യോഗ്യത ഉണ്ടായിരുന്നവർക്ക് പിന്നീട് യോഗ്യത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും റദ്ദാക്കും.
കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ചുരുങ്ങിയത് 600 ദീനാർ ശമ്പളം, ബിരുദം, കുവൈത്തിൽ രണ്ടു വർഷം താമസം എന്നിവയാണ് ഉപാധി. ജോലി മാറ്റമോ മറ്റോ ആയ കാരണത്താൽ ഈ പരിധിക്ക് പുറത്താവുന്നവർ ലൈസൻസ് തിരിച്ചേൽപിക്കേണ്ടതുണ്ട്.
ചില തസ്തികകളിൽ ജോലി ചെയ്യുന്നതിന് ഉപാധികൂടാതെ ലൈസൻസ് അനുവദിക്കും. ഇത്തരം തസ്തികളിൽനിന്ന് മാറിയാൽ ലൈസൻസ് തിരിച്ചേൽപിക്കണം. പലരും അങ്ങനെ ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.