വിദേശികളുടെ മെഡിക്കൽ: ആരോഗ്യ മന്ത്രാലയത്തെ സഹായിക്കാമെന്ന് ദമാൻ
text_fieldsകുവൈത്ത് സിറ്റി: വിദേശികളുടെ വിസ നടപടികളുടെ ഭാഗമാ വൈദ്യ പരിശോധന നടപടികളിൽ ആരോഗ്യമന്ത്രാലയത്തെ സഹായിക്കാൻ സന്നദ്ധമെന്നു ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ ദമാൻ. ഹവല്ലി, ഫർവാനിയ, ദജീജ് എന്നിവിടങ്ങളിലുള്ള ദമാൻ സെന്ററുകളിൽ വൈദ്യ പരിശോധന സൗകര്യമൊരുക്കാമെന്നാണ് കമ്പനി അറിയിച്ചത്.
വിദേശികളുടെ ചികിത്സക്കായി സർക്കാർ മേൽനോട്ടത്തിൽ സ്ഥാപിതമായ ഇൻഷുറൻസ് കമ്പനിയാണ് ദമാൻ. മെഡിക്കൽ ടെസ്റ്റ് സെന്ററുകളിലെ തിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു.
തുടർന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദും അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ രിദയും പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ സഈദാനും കേന്ദ്രം സന്ദർശിക്കുകയും പ്രവർത്തന സമയം വർധിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തു. ഗാർഹികത്തൊഴിലാളികൾക്ക് രാവിലെ 7.30 മുതൽ ഉച്ചക്ക് ഒന്നുവരെയും മറ്റു തൊഴിലാളികൾക്ക് ഉച്ചക്ക് ഒന്നുമുതൽ രാത്രി എട്ടുവരെയുമായി സന്ദർശന സമയം പരിഷ്കരിച്ചിട്ടുണ്ട്.
രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയും ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് അഞ്ച് വരെയുമായിരുന്നു നേരത്തെയുള്ള ഷിഫ്റ്റ്. പ്രവർത്തന സമയം വർധിപ്പിച്ചിട്ടും തിരക്ക് തുടരുകയാണ്. സന്ദർശകർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. അതേസമയം, നേരത്തെയുള്ളതിൽനിന്ന് തിരക്ക് അൽപം കുറഞ്ഞിട്ടുണ്ട്. പുറത്ത് വെയിലത്ത് ദീർഘനേരം വരിനിൽക്കേണ്ട അവസ്ഥയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്.
കനത്ത തിരക്ക് മൂലം സന്ദർശകർ പ്രയാസപ്പെടുന്നതായ വാർത്തകളുടെ പശ്ചാത്തലത്തിലാണ് സൗകര്യങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രാലയം അധികൃതർ സന്ദർശനം നടത്തിയത്. ജീവനക്കാരുടെ കുറവാണ് തിരക്കിന് കാരണമെന്നാണ് റിപ്പോർട്ട്. വേനൽ കാലം പരിഗണിച്ചു ആവശ്യമായ ശീതീകരണ സംവിധാനങ്ങളോട് കൂടിയ കാത്തിരിപ്പ് മുറികൾ സജ്ജീകരിക്കുമെന്നും ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.