തെരഞ്ഞെടുപ്പ് കമീഷൻ രൂപവത്കരണം; കരട് നിയമം സ്പീക്കർക്ക് കൈമാറി
text_fieldsകുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പ് കമീഷൻ രൂപവത്കരിക്കുന്നതടക്കമുള്ള തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിയമം ഞായറാഴ്ച സർക്കാർ ദേശീയ അസംബ്ലി സ്പീക്കർ അഹമദ് അൽ സദൂന് കൈമാറി. സർക്കാറും എം.പിമാരും തമ്മിൽ തത്ത്വത്തിൽ അംഗീകരിച്ച കരട് നിയമനിർമാണം ഈ ആഴ്ച അവസാനം ദേശീയ അസംബ്ലി ചർച്ചചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏഴു മുതിർന്ന ജഡ്ജിമാർ അടങ്ങുന്ന തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാപിക്കുന്നതാണ് പ്രധാന നിർദേശം.
നീതിന്യായ മന്ത്രാലയവുമായി ബന്ധിപ്പിച്ചായിരിക്കും കമീഷൻ പ്രവർത്തിക്കുക. ഇതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പകരമായി തെരഞ്ഞെടുപ്പ് നടത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമീഷനാകും. സർക്കാർ-പാർലമെന്ററി ഏകോപന സമിതിയിലെ സഹകരണത്തിനും ധാരണക്കും അനുസൃതമായാണ് കരട് നിയമം രൂപപ്പെടുത്തിയത്.
ദേശീയ അസംബ്ലിയുടെ അംഗീകാരം ലഭിക്കുന്നമുറക്ക് നിയമം പ്രാവർത്തികമാകുകയും കമീഷൻ രൂപവത്കരണത്തിലേക്ക് നീങ്ങുകയും ചെയ്യും. കമീഷനിൽ സിവിൽ സൊസൈറ്റി, ജുഡീഷ്യൽ, ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടിവ് അതോറിറ്റികളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുമെന്നാണ് സൂചന.
അതിനിടെ, എം.പിമാരുടെ കാലാവധി കേവലം രണ്ടു ടേമിലേക്കോ അല്ലെങ്കിൽ പരമാവധി എട്ടു വർഷത്തേക്കോ പരിമിതപ്പെടുത്തുന്നത് ഭേദഗതിയിൽ ഉൾപ്പെടുത്തണമെന്ന് എം.പി. ദാവൂദ് മാറാഫി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.