അർഹിയയിൽനിന്ന് നാലേകാല്‍ കോടി പഴയ ടയറുകള്‍ നീക്കി
text_fieldsകുവൈത്ത് സിറ്റി: അർഹിയയിലെ ടയർ കൂമ്പാരം സൽമിയിലേക്കു മാറ്റി. ടയറുകള്‍ സംസ്കരിച്ച് പുനരുപയോഗയോഗ്യമാക്കാനായി സൽമിയിൽ പ്രത്യേക ഫാക്ടറിയും സ്ഥാപിച്ചിട്ടുണ്ട്. സഅദ് അൽ അബ്ദുല്ല സിറ്റി പ്രോജക്ട് ഭാഗമായാണ് അർഹിയയിലെ ഉപേക്ഷിക്കപ്പെട്ട ടയറുകൾ നീക്കംചെയ്തത്. എണ്ണ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ആറു മാസമെടുത്താണ് നാലേകാല്‍ കോടി പഴയ ടയറുകള്‍ നീക്കംചെയ്തത്. ഏക്കറുകണക്കിന് പ്രദേശത്ത് വ്യാപിച്ചുകിടന്നിരുന്ന നാലു കോടിയിലേറെ വരുന്ന ഉപേക്ഷിക്കപ്പെട്ട ടയറുകൾ പരിസ്ഥിതിക്ക് ഏറെ ഭീഷണി ഉയർത്തിയിരുന്നു. ടയർകൂമ്പാരങ്ങളിൽ നിരവധി തവണ വലിയ തീപിടിത്തങ്ങളും ഉണ്ടായി. സൽമിയിലെത്തിച്ച ടയർകൂമ്പാരത്തിനും ഒന്നിലധികം തവണ തീപിടിച്ചു.
ഇത് ബോധപൂർവം തീയിട്ടതാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഏറെക്കാലത്തെ പഠനങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് ടയറുകൾ അതിർത്തിപ്രദേശമായ സൽമിയിലേക്കു മാറ്റാൻ തീരുമാനമായത്.
എണ്ണ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ ആറുമാസത്തെ പ്രയത്നഫലമായാണ് ടയറുകൾ പൂർണമായി മാറ്റിയത്. 44,000 ട്രിപ്പുകളിലായാണ് ടയറുകൾ സൽമിയിലെ സംസ്കരണകേന്ദ്രത്തിലേക്കു മാറ്റിയത്. നേരേത്ത ടയറുകൾ കൂട്ടിയിട്ട ഭാഗത്ത് സഅ്ദ് അൽ അബ്ദുല്ല റെസിഡൻഷ്യൽ സിറ്റി പദ്ധതിയുടെ നിർമാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് എണ്ണ മന്ത്രി മുഹമ്മദ് അൽ ഫാരിസ് പറഞ്ഞു.
ആറ് കമ്പനികൾ ഷിഫ്റ്റായി പ്രവർത്തിച്ചാണ് വളരെ വേഗത്തിൽ ടയർ നീക്കം പൂർത്തിയാക്കിയത്. ഒരു ദിവസം 12 മണിക്കൂറാണ് ജോലി നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.