കുവൈത്ത് ഉച്ചകോടിക്ക് നാലുവയസ്സ്; ഇറാഖ് പുനർനിർമാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല
text_fieldsകുവൈത്ത് സിറ്റി: യുദ്ധത്തിലും ആഭ്യന്തര സംഘർഷങ്ങളിലും തകർന്ന ഇറാഖിനെ കരകയറ്റാനായി കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സഹായ ഉച്ചകോടി സംഘടിപ്പിച്ച് നാലുവർഷം പിന്നിടുന്ന വേളയിൽ ഇറാഖിലെ പുനർനിർമാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ലെന്ന് റിപ്പോർട്ട്.
പദ്ധതികൾ രൂപപ്പെടുത്തി നടപ്പാക്കുന്നതിലും വാഗ്ദാനം ചെയ്യപ്പെട്ട തുക പൂർണമായി ലഭ്യമാക്കുന്നതിലും ഇനിയുമേറെ ദൂരം മുന്നോട്ടുപോവാനുണ്ടെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇറാഖ് സഹായ ഉച്ചകോടിയിൽ എല്ലാവരിൽനിന്നുമായി 30 ബില്യൻ ഡോളർ വാഗ്ദാനം ലഭിച്ചിരുന്നു. 76 രാഷ്ട്രങ്ങൾ, 51 അന്താരാഷ്ട്ര വികസന നിധികൾ, 107 തദ്ദേശീയവും അന്തർദേശീയവുമായ സന്നദ്ധ സംഘടനകൾ, 1850 സ്വകാര്യ മേഖലാ പ്രതിനിധികൾ എന്നിവയിൽനിന്നാണ് ഇത്രയും സഹായ വാഗ്ദാനം ലഭിച്ചത്.
88 ബില്യൻ ഡോളർ ആണ് ലക്ഷ്യമിട്ടിരുന്നത്. അനിശ്ചിതാവസ്ഥ പൂർണമായി മാറാത്തതുകൊണ്ട് സ്വകാര്യ മേഖലയിൽനിന്നുള്ള നിക്ഷേപം പ്രതീക്ഷിച്ചയത്രയുണ്ടായില്ല.
അതിനിടയിൽ വില്ലനായി കോവിഡ് പ്രതിസന്ധിയും എത്തി. ഇറാഖിന്റെ വികസന ചരിത്രത്തിൽ പുതിയ തുടക്കവും നാഴികക്കല്ലുമാവാൻ കുവൈത്ത് മുൻകൈയെടുത്ത് സംഘടിപ്പിച്ച സഹായ ഉച്ചകോടിക്കാവുമെന്നാണ് കരുതിയിരുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള 420 വിദഗ്ധർ ചേർന്നു തയാറാക്കിയ പുനരുദ്ധാരണ പദ്ധതി മുന്നിലുണ്ട്. നിക്ഷേപ പദ്ധതികൾക്ക് അനുയോജ്യമല്ലാത്ത അന്തരീക്ഷം തന്നെയാണ് ഇപ്പോഴും എന്നാണ് റിപ്പോർട്ടുകൾ. വിവിധ കാരണങ്ങളാൽ തുടർപ്രവർത്തനങ്ങൾക്ക് ഇറാഖിന്റെ ഭാഗത്തുനിന്ന് കൂടുതൽ ശ്രദ്ധയുണ്ടാകാതിരുന്നത് പദ്ധതിയുടെ മെല്ലെപ്പോക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, ലോകബാങ്ക്, യൂറോപ്യൻ യൂനിയൻ തുടങ്ങിയവ വാഗ്ദാനം ചെയ്ത വായ്പക്ക് ഉയർന്ന പലിശയാണ് ചുമത്തുന്നത്. താൽക്കാലിക ആശ്വാസത്തിന് ഈ പലിശനിരക്കിൽ വായ്പയെടുത്താൽ ഭാവിയിൽ ഇറാഖ് വെള്ളംകുടിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.