മലയാളം ഉൾപ്പെടെ വിദേശ ഭാഷകളിൽ ഇന്നുമുതൽ ജുമുഅ ഖുതുബ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളം ഉൾപ്പെടെ വിദേശ ഭാഷകളിലെ ജുമുഅ ഖുതുബ ഇന്നുമുതൽ പുനരാരംഭിക്കുന്നു. നവംബർ 19ന് ഫർവാനിയ ഗവർണറേറ്റിൽ 12 പള്ളിയിലും കാപിറ്റൽ ഗവർണറേറ്റിൽ എട്ടു പള്ളിയിലും ഹവല്ലി ഗവർണറേറ്റിലെ ഏഴ് പള്ളിയിലും അഹ്മദി ഗവർണറേറ്റിലെ ആറു പള്ളിയിലും മുബാറക് അൽ കബീർ ഗവർണറേറ്റിലെ രണ്ടു പള്ളിയിലും ജഹ്റ ഗവർണറേറ്റിലെ ആറു പള്ളിയിലും ജുമുഅ ആരംഭിക്കുന്നുണ്ട്. ഇതിൽ മലയാളം, ബംഗാളി, ഉർദു, ഇംഗ്ലീഷ്, അഫ്ഗാനി ഭാഷകളിൽ ഖുതുബ നടക്കുന്നവ ഉണ്ട്.
അതേസമയം, നേരത്തേ മലയാളത്തിൽ ജുമുഅ പ്രഭാഷണം നടത്തിയിരുന്ന മുഴുവൻ പള്ളിയിലും ഇൗ ആഴ്ച ആരംഭിക്കുന്നില്ല. ഘട്ടംഘട്ടമായി മറ്റിടങ്ങളിലും അനുവദിച്ചേക്കും. കെ.െഎ.ജി കുവൈത്തിെൻറ നേതൃത്വത്തിൽ അബ്ബാസിയയിലെ പള്ളിയിൽ ഫൈസൽ മഞ്ചേരിയും സാൽമിയയിൽ അനീസ് ഫാറൂഖിയും മംഗഫിൽ നിയാസ് ഇസ്ലാഹിയും ഖുതുബ നിർവഹിക്കുമെന്ന് കെ.ഐ.ജി മസ്ജിദ് കൗൺസിൽ അറിയിച്ചു.
അബ്ബാസിയ സൂക്കിന് സമീപത്തെ മസ്ജിദ് റാശിദ് അൽ ഉദ്വാനി, ഫർവാനിയ സ്റ്റേഡിയത്തിന് സമീപത്തുള്ള മസ്ജിദ് ത്വളാമുൻ, ഫൈഹ ജാഇയ്യക്ക് സമീപത്തുള്ള മസ്ജിദ് സുലൈമാൻ സഖർ, ഹവല്ലി ശഅബ് പെട്രോൾ പമ്പിന് സമീപത്തുള്ള രിഫാഈ മസ്ജിദ്, ശർഖ് പൊലീസ് സ്റ്റേഷൻ റൗണ്ട് എബൗട്ടിന് സമീപത്തുള്ള മസ്ജിദ് റൂമി, സാൽമിയ അമ്മാൻ സ്ട്രീറ്റിലുള്ള മസ്ജിദ് ലത്തീഫ അൽ-നിംഷ്, മഹ്ബൂല മസ്ജിദ് നാഇഫ് അൽ ഹബാജ് എന്നീ പള്ളികളിലാണ് ഇൗ ആഴ്ച മലയാളം ഖുതുബ ആരംഭിക്കുന്നത്.
കോവിഡ് പ്രതിസന്ധി കാരണം പൊതുവിൽ ജുമുഅക്ക് ഏർപ്പെടുത്തിയ വിലക്കാണ് വിദേശഭാഷ ഖുതുബകളെയും ബാധിച്ചത്. പിന്നീട് ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ നീക്കുകയായിരുന്നു. ആദ്യം സ്വദേശി താമസമേഖലയിലെ പള്ളികളിൽ ജുമുഅ ആരംഭിച്ചു.
പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. അപ്പോഴും നേരത്തേ മലയാളം ഉൾപ്പെടെ വിദേശ ഭാഷയിൽ ജുമുഅ പ്രഭാഷണം നടത്തിയിരുന്ന പള്ളികൾ പരിഗണിക്കപ്പെട്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.