ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് വീട്ടുജോലിക്കാരുടെ മടക്കം നാളെ മുതൽ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്നും ഫിലിപ്പീൻസിൽനിന്നും കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളുടെ മടങ്ങിവരവ് തിങ്കളാഴ്ച മുതൽ. കുവൈത്ത് എയർവേസും ജസീറ എയർവേസുമാണ് വിമാന സർവിസ് നടത്തുക.ഇന്ത്യയിൽനിന്ന് ടിക്കറ്റ് നിരക്ക് 140 മുതൽ 160 ദീനാർ വരെയാണ്. ഫിലിപ്പീൻസിൽനിന്ന് 200 ദീനാർ വരെ നിരക്കുയരും. തിരിച്ചുകൊണ്ടുവരുന്ന ഗാർഹികത്തൊഴിലാളികൾക്കായി 58 ക്വാറൻറീൻ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ ഒാരോന്നിലും ആരോഗ്യ മന്ത്രാലയം ഒരു ജീവനക്കാരനെ നിയോഗിക്കും. രണ്ടാഴ്ചത്തെ ക്വാറൻറീൻ കാലാവധിക്കിടെ മൂന്ന് പി.സി.ആർ പരിശോധന നടത്തും. തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ താൽപര്യമുള്ള സ്പോൺസർമാർ പ്രത്യേക ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
കുവൈത്തിൽ താമസാനുമതിയുള്ള 80,000 വീട്ടുജോലിക്കാർ രാജ്യത്തിന് പുറത്തുണ്ട്. ഇതിൽ ഭൂരിഭാഗവും നിലവിൽ കുവൈത്തിലേക്ക് നേരിട്ട് വിമാന സർവിസ് ഇല്ലാത്ത ഇന്ത്യ ഉൾപ്പെടെ രാജ്യക്കാരാണ്. രണ്ടാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അനുഷ്ടിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി മടങ്ങിവരവിന് അനുമതി നൽകിയത്.
ആദ്യഘട്ടത്തിൽ അവസരം ഇന്ത്യ, ഫിലിപ്പീൻസ് പൗരന്മാർക്ക് മാത്രമാണ്. മറ്റു രാജ്യങ്ങളിൽനിന്ന് അടുത്ത ഘട്ടത്തിൽ കൊണ്ടുവരും. 270 ദീനാറാണ് ക്വാറൻറീൻ ചെലവ് കണക്കാക്കിയിട്ടുള്ളത്. ഒരു ദിവസം 600 പേരെ വരെയാണ് കൊണ്ടുവരുക. ഇൗ തോതിൽ മുഴുവൻ പേരെയും കൊണ്ടുവരാൻ മാസങ്ങളെടുക്കും.
വിമാനത്താവളത്തിൽ സജ്ജീകരണങ്ങളെല്ലാം തയാറാക്കിയിട്ടുണ്ട്. ക്വാറൻറീൻ ചെലവ് സ്പോൺസറിൽനിന്ന് ഇൗടാക്കും. കോവിഡ് പരിശോധന സർക്കാർ ചെലവിൽ നടത്തും. ക്വാറൻറീൻ കാലത്ത് കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സ സർക്കാർ ആശുപത്രിയിൽ സൗജന്യമായി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.