ഭാവിയിലെ കോവിഡ് വ്യാപനം: കുവൈത്ത് തയാറെടുക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ഭാവിയിൽ കോവിഡ് വ്യാപനം പോലുള്ള സങ്കീർണതകൾ ഒഴിവാക്കാൻ കുവൈത്ത് തയാറെടുക്കുന്നു. ജനസാന്ദ്രത ഏറിയ പ്രദേശങ്ങളിൽ മഹാമാരി വ്യാപനം ഉണ്ടാവാതിരിക്കാനായി രാജ്യത്തെ ജനസാന്ദ്രതയും പാർപ്പിട ഘടനയും പഠനവിധേയമാക്കും. കൊറോണ സുപ്രീംസമിതി മേധാവി ഡോ. ഖാലിദ് അൽ ജാറുല്ല അറിയിച്ചതാണിത്. കുവൈത്ത് ആരോഗ്യ മന്ത്രാലയം തയാറാക്കിയ റിപ്പോർട്ട് പ്രകാരം, അഹമ്മദി, ഹവല്ലി ഗവർണറേറ്റുകളിലാണ് രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ 50 ശതമാനത്തിലധികം റിപ്പോർട്ട് ചെയ്തത്.
82 കി.മീ ചുറ്റളവിൽ 8,50,000 ആളുകൾ താമസിക്കുന്ന ഹവല്ലി ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നാണ്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നൽകിയ വിവരമനുസരിച്ച് അഹ്മദി ഗവർണറേറ്റിലെ മഹബൂലയിൽ ഏകദേശം 40,000 കി.മീ ചുറ്റളവിൽ 2,00,000 ആളുകൾ താമസിക്കുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പ് കാമ്പയിനിെൻറ ആദ്യ ആറുമാസങ്ങളിൽ ഇൗ ഭാഗത്തെ ഭൂരിഭാഗം താമസക്കാർക്കും വാക്സിൻ ലഭിച്ചില്ല.
അതുകൊണ്ടുതന്നെ കോവിഡ് വ്യാപനവും കൂടുതലായിരുന്നു. കുവൈത്ത് പൗരന്മാർക്ക് വാക്സിൻ നൽകുന്നതിനാണ് മുൻഗണന നൽകിയിരുന്നത്. മഹബൂലയിൽ വിദേശികളാണ് തിങ്ങിത്താമസിക്കുന്നത്. മലയാളികൾ ഉൾപ്പെടെ വിദേശികൾ തിങ്ങിത്താമസിക്കുന്ന ജലീബ് അൽ ശുയൂഖിലും സമാന സ്ഥിതിയുണ്ടായി.
ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന പ്രവാസി തൊഴിലാളികളെയാണ് കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനസാന്ദ്രതയും ആരോഗ്യ സംവിധാനങ്ങളും അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തി വിശദമായ പഠന റിപ്പോർട്ട് തയാറാക്കാനാണ് കുവൈത്ത് തയാറെടുക്കുന്നത്.
അതിനിടെ രാജ്യത്ത് കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട്. പ്രതിദിന കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു. പുതിയ കേസുകളേക്കാൾ രോഗമുക്തി ഉണ്ടാകുന്നതിനാൽ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.