‘സാന്ത്വന’ത്തിന്റെ സമർപ്പിത സേവനത്തിന് ഗർഷോം പുരസ്കാരം
text_fieldsകുവൈത്ത് സിറ്റി: സമർപ്പിത സേവനദൗത്യത്തിനുള്ള അംഗീകാരമായി 'സാന്ത്വനം കുവൈത്തിന്' ഗർഷോം പുരസ്കാരം. മികച്ച സാമൂഹിക സേവന സംഘടന എന്നനിലയിലാണ് സാന്ത്വനം കുവൈത്തിന് പ്രവാസ ലോകത്തെ പ്രശസ്തമായ ഗർഷോം പുരസ്കാരം തേടിയെത്തിയത്. ബഹ്റൈനിലെ മനാമയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജ്യോതിദാസ്, സെക്രട്ടറി ജിതിൻ, റിഷി ജേക്കബ്, രമേശ്, സന്തോഷ് കുമാർ എന്നിവർ ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗർഷോം ഫൗണ്ടേഷന്റെ 18ാമത് ഗർഷോം പുരസ്കാരമാണ് വിതരണം ചെയ്തത്. പ്രവാസ ലോകത്തെ ശ്രദ്ധേയ വ്യക്തികൾക്കും സംഘടനകൾക്കുമാണ് പുരസ്കാരം നൽകുന്നത്. വിഭിന്ന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി കേരളീയരെ ആദരിക്കുന്നതാണ് ഗർഷോം പുരസ്കാരം.
23 വർഷമായി തുടരുന്ന സേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പുരസ്കാരത്തെ കാണുന്നതായി സാന്ത്വനം ഭാരവാഹകൾ പറഞ്ഞു. സംഘടനയുടെ നട്ടെല്ലായ വളന്റിയേഴ്സ്, അംഗങ്ങൾ എന്നിവർക്കെല്ലാം അവകാശപ്പെട്ടതാണു പുരസ്കാരമെന്നും ഭാരവാഹികൾ പറഞ്ഞു. ചേർന്നു നിൽക്കുന്നവരുടെ പ്രാർഥനകളും പുഞ്ചിരികളുമാണ് എപ്പോഴും തങ്ങളെ നയിക്കുന്നതെന്നും സാന്ത്വനം പ്രതിനിധികൾ വ്യക്തമാക്കി.
പ്രതിമാസം പത്തു ലക്ഷത്തിലേറെ രൂപയുടെ ചികിത്സാ ധനസഹായങ്ങളാണു സാന്ത്വനം കുവൈത്ത് നൽകി വരുന്നത്. വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ സഹായം, പാലിയേറ്റിവ്, മറ്റ് ആതുരസേവന സ്ഥാപനങ്ങൾ എന്നിവക്കു സ്ഥിരം സാമ്പത്തിക സഹായം എന്നിവയും നൽകിവരുന്നു.
കാസർകോട് ജില്ലയിലെ കരിന്തളത്ത് എൻഡോസൾഫാൻ ഇരകൾക്കും മറ്റുമായി സാന്ത്വനം നിർമിക്കുന്ന ഫിസിയോതെറപ്പി സെന്ററിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.