ഗസ്സ വെടിനിർത്തൽ പ്രമേയം; യു.എസ് നടപടി കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം യു.എസ് വീറ്റോ ചെയ്തതിൽ കുവൈത്ത് ശക്തമായി അപലപിച്ചു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ തീരുമാനത്തോട് സുരക്ഷാ കൗൺസിൽ പ്രതികരിക്കാത്തതിൽ വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ആശങ്ക രേഖപ്പെടുത്തി. ആഗോള മാനുഷിക ക്രമത്തിന് ഭീഷണിയായ ഗസ്സയിലെ സാഹചര്യം അന്താരാഷ്ട്ര സുരക്ഷയുടെയും സമാധാനത്തിന്റെയും തകർച്ചയെ സൂചിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.
വെടിനിർത്തലും ഗസ്സയിലെ ജനങ്ങളെ സംരക്ഷിക്കലും മാനുഷിക ആവശ്യമാണ്. അത് എത്രയും വേഗം നടപ്പാക്കണം. പ്രമേയങ്ങൾ പാസാക്കുന്നതിൽ പരാജയപ്പെടുന്നത് ഫലസ്തീൻ ജനതയെ കൊല്ലുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും നാടുകടത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുന്നതിന് അധിനിവേശ സേനയ്ക്ക് പുതിയ അനുമതി നൽകുന്നതിന് ഇടയാക്കുമെന്നും ശൈഖ് സലിം ആശങ്ക പ്രകടിപ്പിച്ചു.
ഫലസ്തീൻ ജനതയുടെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാ രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങളും തുടരേണ്ടതിന്റെ ആവശ്യകതയിൽ കുവൈത്തിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രി ആവർത്തിച്ചു.
ഇസ്രായേൽ ആക്രമണം നേരിടുന്ന നിരായുധരായ ഫലസ്തീൻ പൗരന്മാർക്ക് മാനുഷിക ആവശ്യങ്ങൾ നിറവേറ്റാൻ രാഷ്ട്രീയ നയതന്ത്ര ശ്രമങ്ങളും തുടരണം. ലോക സുരക്ഷയും സമാധാനവും നിലനിർത്തുന്നതിൽ കുവൈത്തിന്റെ അചഞ്ചലമായ നിലപാടും അദ്ദേഹം ആവർത്തിച്ചു.
55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇയാണ് വെടിനിർത്തലിനായി കരട് പ്രമേയം കൊണ്ടുവന്നത്. 15 അംഗ രക്ഷാസമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തിനു അനുകൂലമായി വോട്ടു ചെയ്തു. ബ്രിട്ടൻ വിട്ടുനിന്നു.
ഗസ്സയിൽ ഇസ്രായേലിന്റെ മനുഷ്യക്കുരുതി രണ്ടുമാസം പിന്നിട്ടതോടെയാണ് വെടിനിർത്തൽ ആവശ്യപ്പെടാൻ യു.എൻ ചാർട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പ്രത്യേകാധികാരം പ്രയോഗിച്ച് അടിയന്തര രക്ഷാസമിതി വിളിച്ചുചേർത്തത്.
ഗസ്സയിലെ ജനങ്ങളുടെ നരകയാതന അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം എന്തെങ്കിലും ചെയ്തേ പറ്റൂ എന്നും ലോകവും ചരിത്രവും എല്ലാം കാണുന്നുണ്ടെന്നും ഇത് പ്രവർത്തിക്കാനുള്ള സമയമാണെന്നും ഗുട്ടെറസ് പറഞ്ഞിരുന്നു. എന്നാൽ, വെടിനിർത്തൽ ഉണ്ടായാൽ ഹമാസിന് ഗുണം ചെയ്യുമെന്ന് പറഞ്ഞാണ് അമേരിക്ക പ്രമേയത്തെ വീറ്റോ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.