ഗസ്സ, ലബനാൻ: വെടിനിർത്തലും സാധാരണക്കാർക്ക് സംരക്ഷണവും അനിവാര്യം -കിരീടാവകാശി
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലും ലബനാനിലും അടിയന്തര വെടിനിർത്തലും സാധാരണക്കാർക്ക് സംരക്ഷണവും ഒരുക്കണമെന്ന് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്. റിയാദിൽ നടന്ന അസാധാരണ അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവിലിയന്മാരെ ആസൂത്രിതമായി ടാർഗറ്റു ചെയ്യൽ, മാനുഷിക സഹായം തടയൽ, നിർബന്ധിത കുടിയിറക്കൽ നയം അടിച്ചേൽപിക്കൽ, ജറുസലം നഗരത്തിന്റെ ചരിത്രപരവും നിയമപരവുമായ പദവി മാറ്റാനുള്ള ശ്രമങ്ങൾ എന്നിവയെക്കുറിച്ച് കിരീടാവകാശി മുന്നറിയിപ്പ് നൽകി.
ഇവ ഉടനടി അവസാനിപ്പിക്കാനും ആക്രമണങ്ങൾക്കെതിരെ ഒന്നിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. ലബനാനിലും ഇസ്രായേൽ ആക്രമണവും കടന്നുകയറ്റവും ആരംഭിച്ചിരിക്കുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും നഗ്നമായ ലംഘനമാണിവ. യുണിഫിൽ സേന ഉൾപ്പെടെയുള്ള എല്ലാവരേയും ഇസ്രായേൽ ലക്ഷ്യം വെക്കുകയാണ്.
ലബനാന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും നിലകൊള്ളാനും അതിന്റെ സ്ഥാപനങ്ങളുടെ നിയന്ത്രണം വീണ്ടെടുക്കാനും പൗരന്മാരെയും പ്രദേശത്തെയും സംരക്ഷിക്കാനും അമീർ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഫലസ്തീൻ ആക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച വിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീനിൽ യു.എൻ റിലീഫ് ഏജൻസിയുടെ പ്രവർത്തനം നിരോധിക്കുന്ന ഇസ്രായേൽ നീക്കത്തെ കുവൈത്ത് അപലപിക്കുന്നതായും കിരീടാവകാശി കൂട്ടിച്ചേർത്തു.
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുള്ള അന്താരാഷ്ട്ര സഖ്യത്തിന് കുവൈത്തിന്റെ പിന്തുണ ആവർത്തിച്ചു. ഫലസ്തീനെ അംഗീകരിക്കാൻ വിവിധ രാജ്യങ്ങൾ സ്വീകരിച്ച നടപടികളെ പ്രശംസിച്ചു. സമാനമായ നടപടികൾ കൈക്കൊള്ളാൻ മറ്റു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.
ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കൽ, നിയമാനുസൃത രാഷ്ട്രീയ അവകാശങ്ങൾ നേടിയെടുക്കൽ, സ്വതന്ത്ര രാജ്യത്തിനായുള്ള പോരാട്ടം എന്നിവയിൽ ഫലസ്തീനെ പിന്തുണക്കുന്ന കുവൈത്തിന്റെ ഉറച്ചതും ചരിത്രപരവുമായ നിലപാട് ആവർത്തിക്കുന്നതായും ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.