ജി.സി.സി ഗെയിംസ് ഗ്രൂപ് മത്സരങ്ങൾ ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: മൂന്നാമത് ജി.സി.സി ഗെയിംസിന്റെ ഭാഗമായുള്ള ഗ്രൂപ് മത്സരങ്ങൾക്ക് വ്യാഴാഴ്ച കുവൈത്തിൽ തുടക്കമാകും. കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ള 1700ലധികം പുരുഷ, വനിത കായികതാരങ്ങളാണ് മാറ്റുരക്കുന്നത്. ഹാൻഡ് ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഫുട്സാൽ, നീന്തൽ, അത്‍ലറ്റിക്സ്, കരാട്ടേ, ജൂഡോ, ഫെൻസിങ്, ഷൂട്ടിങ്, ടെന്നിസ്, സൈക്ലിങ്, ഐസ് ഹോക്കി, ടേബ്ൾ ടെന്നിസ്, പാഡെൽ, ഇലക്ട്രോണിക് സ്പോർട്സ് എന്നിങ്ങനെ 16 ഇനങ്ങളിലാണ് മത്സരം. മേയ് 22നാണ് ജി.സി.സി കായികമേളയുടെ മൂന്നാം പതിപ്പിന് ഔദ്യോഗിക തുടക്കമാകുന്നത്.
ഉദ്ഘാടന ചടങ്ങുകൾ 22ന് നടക്കും. മേയ് 31നാണ് സമാപിക്കുക. കൂടുതൽ സമയം ആവശ്യമായതിനാലാണ് ചില ഗ്രൂപ് മത്സരങ്ങൾ നേരത്തേ ആരംഭിക്കുന്നത്. ജി.സി.സി ഗെയിംസിൽ ആദ്യമായി ഫുട്സാൽ, ബൈസിക്ലിങ്, അത്ലറ്റിക്സ്, ടേബ്ൾ ടെന്നിസ്, ബാസ്കറ്റ്ബാൾ, ഇലക്ട്രോണിക് ഗെയിംസ് എന്നിവയിൽ വനിതകൾക്കും മത്സരമുണ്ടാകും.
കുവൈത്തിലെയും അറേബ്യയിലെയും മരുഭൂമിയിൽ കാണപ്പെടുന്ന അൽ ഹെസ്നി എന്ന ചുവപ്പ് നിറമുള്ള കുറുക്കനാണ് മേളയുടെ ഭാഗ്യചിഹ്നം. സ്റ്റേഡിയങ്ങളിൽ ഒരുക്കം പൂർത്തിയായതായും ഏറ്റവും ഭംഗിയായി കായികമേള നടത്താൻ കഴിയുമെന്നും സുപ്രീം ഓർഗനൈസിങ് കമ്മിറ്റി അംഗവും വനിത സ്‌പോർട്‌സ് കമ്മിറ്റി മേധാവിയുമായ ഫാത്തിമ ഹയാത്ത് പറഞ്ഞു. കോവിഡ്കാല നിയന്ത്രണങ്ങൾ നീങ്ങി കായിക മേഖല സജീവമായതിനുശേഷം വിരുന്നെത്തുന്ന ആദ്യ മെഗാ കായിക മേള ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കുവൈത്തിലെ കായികപ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.