ജി.സി.സി പ്രതിസന്ധിക്ക് മൂന്നുവർഷം; പ്രതീക്ഷ കൈവിടാതെ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സൗദി സഖ്യരാജ്യങ്ങൾ ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച് മൂന്നുവർഷം പിന്നിട്ടപ്പോൾ പരിഹാരം സംബന്ധിച്ച് പ്രതീക്ഷ കൈവിടാതെ കുവൈത്ത്. 2017 ജൂൺ അഞ്ചിനാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായി ബന്ധം വിച്ഛേദിച്ചത്. കുവൈത്തും ഒമാനും രണ്ടുപക്ഷത്തും ചേരാതെ നിന്നു എന്നുമാത്രമല്ല കുവൈത്ത് അന്നുമുതൽ മധ്യസ്ഥ ശ്രമങ്ങളുമായി ഒാടിനടന്നു. പ്രശ്നം കൂടുതൽ വഷളാവാതെ കാത്തതിൽ കുവൈത്തിെൻറ ശ്രമങ്ങൾക്ക് വലിയ പങ്കുണ്ടെന്നാണ് അന്താരാഷ്ട്ര സമൂഹത്തിെൻറ വിലയിരുത്തൽ. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സ്ബാഹ് മുൻകൈയെടുത്ത് നടത്തുന്ന മധ്യസ്ഥശ്രമം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടി. ഇപ്പോൾ എല്ലാ രാജ്യങ്ങളും കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ശ്രദ്ധിക്കുന്നതെങ്കിലും ജി.സി.സി പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് മുൻഗണന നൽകുന്നു.
കഴിഞ്ഞദിവസം കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് തദ്ദേശീയ മാധ്യമസ്ഥാപനങ്ങളുടെ എഡിറ്റർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി ഒഴിയുന്ന മുറക്ക് നയതന്ത്ര നീക്കം ശക്തമാക്കാനാണ് കുവൈത്തിെൻറ തീരുമാനം. പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കുവൈത്ത്. പ്രശ്നം പരിഹരിക്കില്ലെന്ന് അന്താരാഷ്ട്ര സമൂഹം കരുതിയിരുന്നിടത്തുനിന്ന് മഞ്ഞുരുക്കത്തിെൻറ സൂചനകളിലേക്ക് എത്തിക്കാൻ കുവൈത്തിന് കഴിഞ്ഞിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളെ ഐക്യപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാനാണ് കുവൈത്തിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.