ജി.സി.സി മന്ത്രിതല കൗൺസിൽ യോഗം ചേർന്നു; ഒരുമിച്ച് മുന്നോട്ട്
text_fieldsജി.സി.സി ഉച്ചകോടി നാെള. മേഖലയിലും ലോകത്തും വെല്ലുവിളികൾ വർധിക്കുകയും പ്രതിസന്ധികൾ വഷളാവുകയും ചെയ്യുന്ന നിർണായക ഘട്ടത്തിലാണ് യോഗം
കുവൈത്ത് സിറ്റി: ഞായറാഴ്ച കുവൈത്തിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയുടെ മുന്നോടിയായി മന്ത്രിതല കൗൺസിലിന്റെ 162ാമത് സെഷന്റെ തയാറെടുപ്പ് യോഗം ചേർന്നു.
ജി.സി.സി അംഗരാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ആഴവും സംയുക്ത താൽപര്യവും ഉൾക്കൊള്ളുന്നതാണ് യോഗമെന്ന് അധ്യക്ഷത വഹിച്ച കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ പറഞ്ഞു.
മേഖലയിലും ലോകത്തും വെല്ലുവിളികൾ വർധിക്കുകയും പ്രതിസന്ധികൾ വഷളാവുകയും ചെയ്യുന്ന നിർണായക ഘട്ടത്തിലാണ് ഈ യോഗം. പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന അപകടങ്ങളെ നേരിടാൻ ഒരുമിച്ച് നിൽക്കുകയും സംയുക്ത ഉത്തരവാദിത്ത മനോഭാവത്തോടെ പ്രവർത്തിക്കണമെന്നും അൽ യഹ്യ ഉണർത്തി.
ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള ന്യായമായ ലക്ഷ്യത്തിന് അദ്ദേഹം കുവൈത്തിന്റെ തത്ത്വാധിഷ്ഠിതവും അചഞ്ചലവുമായ പിന്തുണ പുതുക്കി. നിരായുധരായ ഫലസ്തീൻ ജനതയോടുള്ള മാനുഷികവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾ വഹിക്കാനും ക്രൂരമായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇടപെടാനും മന്ത്രി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകതയും ഉണർത്തി.
അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ മിനിസ്റ്റീരിയൽ കമ്മിറ്റി ശ്രമങ്ങളെയും, സൗദി അറേബ്യയുടെ നിർണായക പങ്കിനെയും, ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെ നേരിടാനുള്ള നയതന്ത്ര ദുരിതാശ്വാസ ശ്രമങ്ങളെയും അൽ യഹ്യ പ്രശംസിച്ചു.
ലബനാനിലും സിറിയയിലും ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ അവഗണിക്കാൻ കഴിയില്ലെന്ന് പറഞ്ഞ അൽ യഹ്യ വെടിനിർത്തൽ കരാറിനെ പ്രശംസിച്ചു. ലബനാന്റേയും സിറിയയുടേയും പരമാധികാരത്തിനും സ്ഥിരതയെയും പിന്തുണ പുതുക്കുകയും മേഖലയിലെ ബാഹ്യ ഇടപെടൽ അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.