ജി.സി.സി റെയിൽ പദ്ധതി: അഞ്ചുവർഷത്തിനകം ട്രെയിന്‍ ഓടും
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി റെയിൽ പദ്ധതി നടപടികൾ പുരോഗമിക്കുന്നു. അഞ്ചുവർഷത്തിനകം പാത പൂർത്തിയാക്കി ട്രെയിന്‍ ഓടുമെന്നാണ് പ്രതീക്ഷ.
പദ്ധതി നടപടികൾ പുരോഗമിക്കുകയാണെന്നും 2028 ഓടെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കുവൈത്ത് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ജനറൽ ഡയറക്ടർ ഖാലിദ് ദാവി അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ട നടപടികള്‍ നടന്നു വരികയാണ്. വിദഗ്ധ സമിതി ടെക്നിക്കൽ ബിഡ് പരിശോധന പൂര്‍ത്തിയാക്കി ഉടന്‍ കരാര്‍ ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ നിന്ന് കുവൈത്ത് സിറ്റി വരെയാണ് റെയില്‍പാത നിർമിക്കുക. കുവൈത്തും സൗദിയും തമ്മിലുള്ള റെയിൽവേ സാധ്യത പഠനത്തിന് പൊതുമരാമത്ത് മന്ത്രാലയം കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. ഇത് സംബന്ധമായ സാമ്പത്തിക-സാങ്കേതിക പഠനത്തിനുള്ള കരാറില്‍ സൗദി അധികൃതരും കുവൈത്ത് പൊതുമരാമത്ത് അണ്ടർസെക്രട്ടറിയും ഒപ്പുവെച്ചിട്ടുണ്ട്.
കുവൈത്തിനും റിയാദിനും ഇടയിൽ 650 കിലോമീറ്ററാണ് റെയില്‍വേയുടെ ആകെ ദൂരം. ആറുമാസത്തിനകം സാധ്യതാ പഠനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.സി.സി റെയിൽവേ പദ്ധതി 2030 ഡിസംബറിനകം യാഥാർഥ്യമാക്കാൻ ഒക്ടോബറിൽ മസ്കത്തിൽ ചേർന്ന ജി.സി.സി ഗതാഗത, വാർത്താവിനിമയ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറിമാരുടെ സമിതി തീരുമാനിച്ചിരുന്നു.പശ്ചിമേഷ്യയിലെ വാണിജ്യ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ് റെയില്‍വേ പദ്ധതിക്ക് രൂപം നല്‍കിയത്. യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവു കുറക്കുകയും ചെയ്യുമെന്നതിനാൽ ഗതാഗതരംഗത്തെ വലിയ മാറ്റത്തിന് റെയിൽപാത ഇടയാക്കും. മേഖലയിലെ ആറു രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചാകും ജി.സി.സി റെയിൽ സർവീസ്. 25 ബില്യൻ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതിയിൽ 2,177 കി.മീ ദൈർഘ്യമാണ് ദൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.