മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്ത് ജി.സി.സി ഉച്ചകോടി
text_fieldsകുവൈത്ത് സിറ്റി: ദോഹയിൽ നടന്ന ജി.സി.സി രാജ്യങ്ങളുടെ 44ാമത് ഉച്ചകോടിയിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് പങ്കെടുത്തു. ഉച്ചകോടിയിൽ കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ചതും ശൈഖ് സലിം ആണ്.
ഗസ്സയിലെ അപകടകരമായ സംഭവവികാസങ്ങൾ, ഫലസ്തീനികളുടെ പ്രദേശങ്ങളിലും വിശുദ്ധ സ്ഥലങ്ങളിലും തുടരുന്ന ലംഘനങ്ങൾ എന്നിവ ഉച്ചകോടി വിലയിരുത്തി. പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ ഒത്തുതീർപ്പിലെത്താനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ അന്താരാഷ്ട്ര സമൂഹം തുടരുന്ന നിഷ്ക്രിയ നിലപാടിനെതിരെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രുക്ഷവിമർശനം നടത്തി.
രണ്ടു മാസത്തിലേക്ക് നീളുന്ന ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തെ വംശീയ ഉന്മൂലനമെന്ന് വിശേഷിപ്പിച്ച അമീർ, വിഷയത്തിൽ ലോകരാജ്യങ്ങളുടെ നിസ്സംഗമായ നിലപാട് ലജ്ജാകരമാണെന്ന് തുറന്നടിച്ചു. ‘സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികളെ നിഷ്ഠുരമായ ആക്രമണങ്ങളിലൂടെ കൊന്നൊടുക്കുന്ന ഹീനമായ കുറ്റകൃത്യം രണ്ടു മാസത്തോളമായി തുടരാൻ അനുവദിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരമാണെന്നും ചൂണ്ടിക്കാട്ടി.
തുർക്കിയയുമായി ജി.സി.സി രാജ്യങ്ങളുടെ ദൃഢമായ ബന്ധങ്ങൾ, പരസ്പര സഹകരണം വിപുലീകരിക്കുന്നതിനുള്ള മാർഗങ്ങൾ, പുതിയ മേഖലകളിൽ പ്രതീക്ഷിക്കുന്ന ഏകോപനം എന്നിവ ഉച്ചകോടിയിൽ ചർച്ചചെയ്തു. മേഖലയിലെ പൊതുവായ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള പദ്ധതികളും മറ്റു പ്രാദേശിക പ്രശ്നങ്ങളും ചർച്ച ചെയ്തു.
ആതിഥേയരായ ഖത്തർ, കുവൈത്ത്, സൗദി, യു.എ.ഇ, ബഹ്റൈൻ, ഒമാൻ എന്നീ ജി.സി.സി രാജ്യങ്ങൾക്കൊപ്പം തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.