ജി.സി.സി ഏകീകൃത ടൂറിസ്റ്റ് വിസ വൈകാതെ പ്രാബല്യത്തിൽ വരും; നടപടികൾക്ക് വേഗമേറി
text_fieldsകുവൈത്ത് സിറ്റി: ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സുപ്രീം കൗൺസിൽ അംഗീകാരം നൽകിയതോടെ നടപടികൾക്ക് വേഗമേറി. 2025ഓടെ വിസ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഖത്തറിൽ ചേർന്ന ജി.സി.സി യോഗത്തിൽ തീരുമാനം നടപ്പാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗൺസിൽ ചുമതലപ്പെടുത്തി. ഇതോടെയാണ് വിസ നടപടികൾക്ക് വേഗം വരും. 2022 നവംബറിൽ അൽ ഉലയിൽ നടന്ന യോഗത്തിലാണ് ഗൾഫ് ടൂറിസം തന്ത്രത്തിന്റെ ഭാഗമായി ഏകീകൃത ഗൾഫ് വിസയെ കുറിച്ചുള്ള ആശയം ഉയർന്നത്. ഈ വർഷം ഒക്ടോബറിൽ ഒമാനിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരും നവംബറിൽ ആഭ്യന്തര മന്ത്രിമാരുടെയും യോഗം വിസക്ക് ഏകകണ്ഠമായി അംഗീകാരം നൽകി.
യൂറോപ്പിലെ ഷെങ്കൺ വിസക്ക് തുല്യമായി ഒരു വിസ കൊണ്ട് ആറ് ജി.സി.സി രാജ്യങ്ങളിലും സന്ദർശനം നടത്താൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി. ഏകീകൃത ടൂറിസം വിസ ജി.സി.സി രാജ്യങ്ങൾക്കിടയിൽ വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കും. അതുവഴി സാമ്പത്തിക വളർച്ചയും വിനോദസഞ്ചാരത്തിന്റെ പങ്കും വർധിപ്പിക്കും. ഓരോ അംഗരാജ്യത്തും ടൂറിസം മേഖലയിൽ നിക്ഷേപത്തിന് പുതിയ അവസരങ്ങൾ തുറക്കുന്നതിനും ഈ വിസ സഹായിക്കും.
വിസ നടപ്പാക്കും മുമ്പുള്ള നടപടിക്രമങ്ങൾ ഓരോ രാജ്യങ്ങളും വൈകാതെ രൂപപ്പെടുത്തും. തുടർന്നാണ് എകീകൃതമായി പദ്ധതി പ്രഖ്യാപിക്കുക. ഏകീകൃത വിസ പ്രാബല്യത്തിൽ വരുന്നതോടെ ജി.സി.സി രാജ്യങ്ങളിലെ പ്രവാസികൾക്കും നിക്ഷേപകർക്കും ബിസിനസുകാർക്കും ഗുണകരമാകും. ഒറ്റ വിസയിൽ ആറു രാജ്യങ്ങൾ സന്ദർശിക്കാൻ ഇതുവഴി കഴിയും എന്നത് നേട്ടമാണ്.
ജി.സി.സിയിലെ താമസക്കാർക്ക് ടൂറിസം വിസയെടുക്കാതെ ഈ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുമെന്ന പ്രതീക്ഷയും വെച്ചുപുലർത്തുന്നവരുണ്ട്. ഇതിനായി ഭാവിയിൽ ജി.സി.സി ഐ.ഡി കാർഡടക്കമുള്ള സംവിധാനം നിലവിൽ വന്നേക്കും.
ജി.സി.സി രാജ്യങ്ങളിലെ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം മൊത്തം വിനോദ സഞ്ചാരികളുടെ 29.7 ശതമാനമാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 2021നേക്കാൾ 98.8 ശതമാനം വർധന കഴിഞ്ഞ വർഷം ഉണ്ടായി. ഏകീകൃത ടൂറിസ്റ്റ് വിസ വരുന്നതോടെ ഇതിൽ വലിയ കുതിപ്പുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.