നിയമലംഘകർക്ക് മുന്നറിയിപ്പ്; പൊതുമാപ്പ് ഈ മാസം അവസാനിക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താമസ നിയമലംഘകർക്ക് നൽകിയ പൊതുമാപ്പ് കാലാവധി ഈ മാസം 30ന് അവസാനിക്കും. പൊതുമാപ്പ് അവസാനിക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെ നിയമലംഘകർ രാജ്യം വിടുകയോ പിഴ അടച്ച് താമസം നിയമവിധേയമാക്കുയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും ഉണർത്തി. പ്രവാസികളെ ലക്ഷ്യമിട്ട് വ്യത്യസ്ത ഭാഷകളിൽ ആഭ്യന്തര മന്ത്രാലയം നോട്ടീസുകൾ പുറത്തിറക്കി. ആനുകൂല്യം ഉപയോഗിക്കാതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി.
മാർച്ച് 17 മുതൽ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂൺ 17 വരെ നിശ്ചയിച്ച സമയപരിധി പിന്നീട് 30 വരെ നീട്ടുകയായിരുന്നു. ഈ മാസം അവസാനം വരെ താമസ നിയമ ലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും പിഴ അടച്ച് താമസരേഖ പുതുക്കാനും കഴിയും. ഇത്തരക്കാർ പുതിയ വിസയിൽ രാജ്യത്തേക്ക് മടങ്ങിവരാനും കഴിയും.
നിയമലംഘകർ പൊതുമാപ്പ് നിശ്ചിത കാലയളവിനകം പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണം. ജൂൺ 30ന് ശേഷം അനധികൃതമായി രാജ്യത്ത് തുടരുന്നവർക്കെതിരെ ശക്തമായ നടപടികൾ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആനുകൂല്യം ഉപയോഗിക്കാത്തവര്‍ക്കെതിരെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തല്‍ ഉൾപ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. അനധികൃതമായി കഴിയുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും.
ഇതിനകം നിരവധി പേർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് തിരിക്കുകയും പിഴ അടച്ച് രേഖകൾ നിയമപരമാക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഉപയോഗപ്പെടുത്താത്തവർക്ക് 30നകം നടപടികൾ പൂർത്തിയാക്കാം. നാട്ടിലേക്ക് പോകാൻ പാസ്പോർട്ടോ മറ്റ് രേഖകളോ ഇല്ലാത്തവർക്ക് ഇന്ത്യന്‍ എംബസി പാസ്പോർട്ടും എമർജൻസി സർട്ടിഫിക്കറ്റും നൽകും. ഇതിനായി വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചക്ക് രണ്ടു മണി മുതൽ നാലു മണി വരെ ഇന്ത്യൻ എംബസിയുടെ കേന്ദ്രങ്ങളില്‍ അപേക്ഷ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.