പൊതുമാപ്പ് അവസാനിക്കുന്നു; സുരക്ഷപരിശോധന ശക്തമാക്കാൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പ് ഞായറാഴ്ച അവസാനിക്കും.ഇതോടെ സുരക്ഷ പരിശോധന ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തയാറെടുപ്പുകൾ തുടങ്ങി. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലായിരിക്കും പരിശോധന കാമ്പയിൻ. പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് അധികൃതരുടെ നീക്കം. നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും.
വിസ നിയമലംഘകരെ പാർപ്പിക്കാൻ നാല് സെന്ററുകളും തയാറാക്കിയിട്ടുണ്ട്. ഡിപോർട്ടേഷൻ പ്രിസൺ, സുലൈബിയ പ്രിസൺ കോംപ്ലക്സിലെ ജുവനൈൽ വെൽഫെയർ ഡിപ്പാർട്മെന്റ് കെട്ടിടം, അക്കമഡേഷൻ ഡിപ്പാർട്മെന്റ്, യു.എൻ റൗണ്ട് എബൗട്ടിനോട് ചേർന്നുള്ള റെസിഡൻസി ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്മെന്റ് കെട്ടിടം എന്നീ സൈറ്റുകളാണ് തയാറാക്കിയിരിക്കുന്നത്.
നിയമനടപടികള്‍ സ്വീകരിച്ച ശേഷം പിടികൂടിയവരെ ഫിംഗര്‍ എടുത്ത് നാട്ടിലേക്ക് തിരികെ അയക്കും. ഇത്തരത്തില്‍ നാട്ടിലേക്ക് അയക്കുന്നവർക്ക് തിരികെ കുവൈത്തിലേക്ക് കടക്കുന്നതിന് ആജീവനാന്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തിലേറെ താമസ നിയമലംഘകര്‍ കുവൈത്തില്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ നിലവില്‍ ഇതില്‍ പകുതി പേര് മാത്രമാണ് പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ചിട്ടുള്ളത്.
മാർച്ച് 17 മുതൽ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂൺ 17 വരെ നിശ്ചയിച്ച സമയപരിധി പിന്നീട് 30 വരെ നീട്ടി. ഇതിനകം താമസ നിയമലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും പിഴ അടച്ച് താമസരേഖ പുതുക്കാനും കഴിയും. ഇത്തരക്കാർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് മടങ്ങിവരാനും കഴിയും. നിയമലംഘകർ പൊതുമാപ്പ് നിശ്ചിത കാലയളവിനകം പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.