പൊതുമാപ്പ് കാലാവധി നീട്ടില്ല; നിയമലംഘകർക്കെതിരെ കടുത്ത നടപടി ഉണ്ടാകും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാർച്ച് 17 മുതൽ ആരംഭിച്ച പൊതുമാപ്പ് സമയപരിധി ജൂൺ 17ന് അവസാനിക്കും. ഈ സമയത്തിനകം ആനുകൂല്യം ഉപയോഗപ്പെടുത്താനും മന്ത്രാലയം ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലാവധിക്കു ശേഷവും നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നൽകി. പൊതുമാപ്പ് കാലയളവിൽ താമസ നിയമലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും പിഴ അടച്ച് താമസരേഖ പുതുക്കാനും കഴിയും. ഇത്തരക്കാർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് മടങ്ങിവരാനും കഴിയും. നിയമലംഘകർ പൊതുമാപ്പ് കാലയളവ് പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണം. ആനുകൂല്യം ഉപയോഗിക്കാത്തവര്‍ക്കെതിരെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തല്‍ ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. അനധികൃതമായി കഴിയുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും. അതേസമയം, സാമ്പത്തിക കേസുകളില്‍ പെട്ട് യാത്ര വിലക്ക് നേരിടുന്നവർക്ക് കേസിൽ തീർപ്പുണ്ടായാൽ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകൂ. രാജ്യത്ത് നിലവില്‍ ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാർ ഉണ്ടെന്നാണ് കണക്ക്. വർഷങ്ങളായി നിയമലംഘകരായി കഴിയുന്ന ഇന്ത്യക്കാര്‍ ഉൾപ്പെടെയുള്ള പ്രവാസികള്‍ക്ക് പൊതുമാപ്പ് ആശ്വാസമായിട്ടുണ്ട്. ഇതിനകം നിരവധി പേർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് തിരിക്കുകയും പിഴ അടച്ചു രേഖകൾ നിയമപരമാക്കുകയും ചെയ്തിട്ടുണ്ട്. പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രവാസി സംഘടനകളും സഹായങ്ങളുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.