സ്നേഹവാതിൽക്കലെ സമ്മാനപ്പൊതികൾ
text_fieldsകുവൈത്ത് സിറ്റി: 2020 മാർച്ച്, ഏപ്രിൽ മാസങ്ങൾ. ലോക്ഡൗണിൽ ജോലിയും വരുമാനവും ഇല്ലാതായ ദിനങ്ങൾ. ഭക്ഷണത്തിനും വാടക കൊടുക്കാനും വകയില്ലാതായ ആയിരങ്ങൾ. താമസിക്കുന്ന സ്ഥലത്തുനിന്ന് ഇറക്കിവിടുമോ എന്ന് ഭയപ്പെട്ട് കഴിയുന്നവരെ അമ്പരപ്പിച്ചുകൊണ്ട് ചില കെട്ടിട ഉടമകൾ വാടക ഒഴിവാക്കി നൽകി. അബ്ബാസിയയിൽ റിഥം ഓഡിറ്റോറിയം നിൽക്കുന്ന കെട്ടിടത്തിലെ താമസക്കാർ പങ്കുവെച്ച അനുഭവം ഓർക്കുന്നു. വാടക ഇളവ് നൽകിയതിന് പുറമെ അത്യാവശ്യ ഭക്ഷണ സാധനങ്ങൾ ഓരോ അപ്പാർട്ട്മെൻറിന് മുന്നിലും കൊണ്ടുവെക്കുകയും ചെയ്തു. ഫ്ലാറ്റിന്റെ വാതിൽ തുറന്നപ്പോൾ മുന്നിലൊരു പൊതി കണ്ടവർ ആദ്യം അമ്പരന്നു. പിന്നെ ആഹ്ലാദിച്ചു. അരിയും പഞ്ചസാരയും മക്രോണിയും ഉപ്പും പരിപ്പും ചായപ്പൊടിയുമെല്ലാം അടങ്ങിയ പൊതി താമസക്കാരുടെ വയറും മനസ്സും നിറക്കാൻ പോന്നതാണ് കിറ്റ്. ഓരോ ഫ്ലാറ്റിന് മുന്നിലും കൊണ്ടുവെച്ചത് കെട്ടിട ഉടമതന്നെയാണ്. തലാൽ അൽ ഗാനിം ആൻഡ് സൺസ് റിയൽ എസ്റ്റേറ്റ് കമ്പനിയുടേതാണ് കെട്ടിടം. ഇവർക്ക് കീഴിൽ നിരവധി കെട്ടിടങ്ങളുണ്ട്. ഇത് ഒറ്റപ്പെട്ട അനുഭവമായിരുന്നില്ല. നൂറുകണക്കിന് കെട്ടിട ഉടമകൾ വാടക പൂർണമായോ ഭാഗികമായോ ഒഴിവാക്കിനൽകിയിട്ടുണ്ട്. മാനവികതയുടെയും കാരുണ്യത്തിന്റെയും പാഠങ്ങൾ രാഷ്ട്രനേതാക്കൾതന്നെ കാണിച്ചുകൊടുക്കുമ്പോൾ ജനങ്ങളിൽ ഒരുവിഭാഗവും അത് പിന്തുടർന്നു. കാരുണ്യമാണ് കുവൈത്തിന്റെ തനതുഭാവമെന്ന് കൊറോണക്കാലം അടിവരയിട്ടു. തീർച്ചയായും വാടകക്ക് സമ്മർദം ചെലുത്തിയവരുമുണ്ട്. എന്നാൽ, ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതും മനുഷ്യൻ ഊർജം സ്വീകരിക്കേണ്ടതും നല്ല അനുഭവങ്ങളിൽനിന്നാണല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.