പറന്നകന്ന് ‘ഗോ ഫസ്റ്റ്’; ടിക്കറ്റ് തുക തിരികെ കിട്ടാതെ നിരവധി പേർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സർവിസ് നടത്തിയിരുന്ന ‘ഗോ ഫസ്റ്റ്’ വിമാനം നിർത്തലാക്കിയിട്ട് ഒരു വർഷം പിന്നിട്ടു. എന്നാൽ, വിമാനയാത്രക്ക് മുൻകൂട്ടി ടിക്കറ്റെടുത്ത ആയിരത്തോളം പേർക്ക് ഇനിയും തുക തിരികെ ലഭിച്ചില്ല. 2023 മേയ് മൂന്നു മുതലാണ് ഗോ ഫസ്റ്റ് സർവിസ് അവസാനിപ്പിച്ചത്. ഇത് മുൻകൂട്ടി അറിയിക്കാത്തതിനാൽ നിരവധി യാത്രക്കാർ തുടർ ദിവസങ്ങളിലേക്ക് ടിക്കറ്റ് എടുത്തിരുന്നു. ടിക്കറ്റ് തുക മടക്കി നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഭൂരിപക്ഷം പേർക്കും തുക ലഭിച്ചിട്ടില്ല.
തുക മടക്കിക്കിട്ടാൻ ഓൺലൈൻ വഴിയും ഏജൻസികൾ വഴിയും യാത്രക്കാർ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ, ഒരു മറുപടിയും ലഭ്യമായില്ലെന്ന് യാത്രക്കാർ പറഞ്ഞു. കുവൈത്തിലെ സ്കൂൾ അവധിക്കാലവും ആഘോഷ ദിനങ്ങളും കണക്കിലെടുത്ത് കുടുംബത്തോടെ നാട്ടിൽ പോകാൻ മുൻകൂട്ടി ടിക്കറ്റെടുത്തവർക്ക് വൻ തുകയാണ് നഷ്ടമായത്. സീസൺ തിരക്കും ചാർജ് വർധനയും കണക്കിലെടുത്ത് ഈ വിമാനത്തിൽ നിരവധി കുടുംബങ്ങൾ നാട്ടിലേക്ക് ടിക്കറ്റെടുത്തിരുന്നു. അപ്രതീക്ഷിതമായി വിമാന സർവിസ് നിർത്തിവെച്ചതിനാൽ ഇവരെല്ലാം മറ്റു വിമാനങ്ങളിൽ കൂടുതൽ പണം നൽകിയാണ് നാട്ടിലെത്തിയത്. കണ്ണൂരിലേക്ക് ആഴ്ചയിൽ ഒരു ദിവസം എയർഇന്ത്യ എക്സ്പ്രസ് മാത്രമായിരുന്നു അന്ന് സർവിസ് എന്നതിനാൽ യാത്ര ദുരിതവുമായി.
കുവൈത്തിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും പ്രവാസികളുടെ പ്രധാന ആശ്രയമായിരുന്നു ഗോ ഫസ്റ്റ്. ശനി, വ്യാഴം, ചൊവ്വ ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവിസ് വിമാനത്തിനുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഗോ ഫസ്റ്റ് സർവിസുകൾ അവസാനിപ്പിക്കുകയായിരുന്നു. അതിനിടെ കഴിഞ്ഞ സെപ്റ്റംബറോടെ രാജ്യാന്തര സർവിസുകൾ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ഒന്നും നടന്നില്ല. സർവിസ് പുനരാരംഭിച്ചില്ലെങ്കിലും മുടക്കിയ പണം തിരിടെ കിട്ടിയാൽ മതിയെന്നാണ് യാത്രക്കാരുടെ ഇപ്പോഴത്തെ ആവശ്യം.
മുടക്കിയ പണം തിരിച്ചുകിട്ടില്ലേ...?
നാട്ടിൽ പോകാനായി ഗോ ഫസ്റ്റിന് മേയ് അഞ്ചിന് ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ, മൂന്നു മുതൽ വിമാനം മുടങ്ങിത്തുടങ്ങി. ശരിയാകും ശരിയാകും എന്ന് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും വിമാനം പിന്നീട് വന്നില്ല. ഇപ്പോൾ ഗോ ഫസ്റ്റ് സർവിസ് നിർത്തിയിട്ട് ഒരു വർഷം കഴിഞ്ഞു. ടിക്കറ്റിന്റെ തുക ഇതുവരെ തിരിച്ചുകിട്ടിയുമില്ല. ഒട്ടുമിക്ക യാത്രക്കാരും ട്രാവൽ ഏജൻസി മുഖേന ടിക്കറ്റ് എടുത്തവരാണ്. ഏജന്റുമായി ബന്ധപ്പെടുമ്പോൾ അവർ കൈമലർത്തുന്നു. നമുക്കു കിട്ടാതെ എവിടന്ന് തരുമെന്നാണ് അവരുടെ മറുപടി. ട്രാവൽ ഏജൻസികൾക്ക് ഉത്തരവാദിത്തമില്ലേ ...?
കഴിഞ്ഞ വർഷത്തെ പെരുന്നാൾ ലീവ് കഴിഞ്ഞ സമയമായതിനാൽ 70 ദിനാർ മുതൽ നിരക്ക് നൽകിയാണ് പലരും ടിക്കറ്റ് എടുത്തിട്ടുള്ളത്. ബഡ്ജറ്റ് എയർലൈൻസിൽ യാത്ര ചെയ്യുന്നത് പൊതുവേ സാധാരണക്കാരായ പ്രവാസികളാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എവിടെ കിട്ടുമെന്ന് നോക്കിയാണ് ടിക്കറ്റ് എടുക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ പൊതു പ്രതികരണങ്ങളും കുറവാണ്. കണ്ണൂരിൽനിന്ന് കുവൈത്തിലേക്കും തിരിച്ചും നല്ല സമയക്രമത്തിലായിരുന്നു ഗോ ഫസ്റ്റ് സർവിസ് നടത്തിയിരുന്നത്. മലബാറുകാരായ പ്രവാസികൾക്ക് ഏറെ പ്രയോചനകരമായ സർവീസുമായിരുന്നു. ഇപ്പോൾ പ്രവാസികൾക്ക് മറ്റ് സ്വകാര്യ എയർലൈൻനുകളിൽ ടിക്കറ്റ് നേരത്തേ എടുത്തു വെക്കാൻതന്നെ ഭയമാണ്. എപ്പോഴാണ് നിർത്തുകയെന്ന് അറിയില്ലല്ലോ. പണം തിരികെ കിട്ടാൻ ഒരുമിച്ചുള്ള പ്രവർത്തനം നടക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.