സിവിൽ ഏവിയേഷൻ അനുവാദം നൽകി; ഗോ ഫസ്റ്റ് സർവിസ് പുനരാരംഭിക്കും
text_fieldsകുവൈത്ത് സിറ്റി: മലബാർ പ്രവാസികൾക്ക് സന്തോഷ വാർത്ത. കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് സർവിസുകൾ വൈകാതെ പുനരാരംഭിച്ചേക്കും. സർവിസുകൾ പുനരാരംഭിക്കാൻ ഇന്ത്യൻ സിവിൽ ഏവിയേഷൻ അനുവാദം നൽകി. ഇതോടെ സർവിസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് കുവൈത്തിലെ ഗോ ഫസ്റ്റ് അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവിസുകളാകും ആരംഭിക്കുക. സെപ്റ്റംബറോടെ രാജ്യാന്തര സർവിസുകളും പുനരാരംഭിക്കുമെന്ന് അറിയിച്ചു.
22 വിമാനങ്ങളുമായി സർവിസ് നടത്താനാണ് അനുവാദം ചോദിച്ചതെങ്കിലും 15 എണ്ണത്തിനാണ് അനുമതി നൽകിയത്. ഇവ ഉപയോഗിച്ച് ദിനേന 114 സർവിസുകൾ നടത്താനാവും. ഗോ ഫസ്റ്റിന്റെ സുരക്ഷ ഓഡിറ്റിങ് അടുത്തിടെ നടന്നിരുന്നു. ഇതിന്റെ റിപ്പോർട്ട് അനുസരിച്ചാണ് സർവിസ് പുനരാരംഭിക്കാൻ അധികൃതർ അനുവാദം നൽകിയത്. അതേസമയം, നിലവിലുള്ള കേസുകൾ പരിഹരിക്കുകയും സർവിസ് നടത്താനാവശ്യമായ ഫണ്ട് കണ്ടെത്തുകയും വേണ്ടിവരും. സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ മേയ് മൂന്നു മുതലാണ് ഗോ ഫസ്റ്റ് സർവിസ് നിർത്തിയത്.
കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് എയർലൈൻസ് സർവിസ് നിലച്ചത് ഈ സെക്ടറിലെ യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് ഗോ ഫസ്റ്റ് ആഴ്ചയിൽ മൂന്ന് സർവിസ് നടത്തിയിരുന്നു. ഇത് നിലച്ചതോടെ കണ്ണൂർ, കാസർകോട് ജില്ലക്കാർക്കൊപ്പം കോഴിക്കോട്, അതിർത്തി സംസ്ഥാനങ്ങളിലെ യാത്രക്കാർ എന്നിവരും ദുരിതത്തിലായി. മംഗളൂരു, കുടക് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ നിരവധി യാത്രക്കാരും കണ്ണൂർ വഴി യാത്ര ചെയ്തിരുന്നു. വെക്കേഷൻ സമയത്ത് അപ്രതീക്ഷിതമായി സർവിസ് നിലച്ചത് നേരത്തേ ടിക്കറ്റെടുത്ത പലരെയും ദുരിതത്തിലുമാക്കി. കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് വൻ വിലക്ക് ടിക്കറ്റ് എടുത്താണ് പലരും അടുത്തിടെ നാട്ടിൽ പോയത്.
ആഴ്ചയിൽ ഒരു ദിവസം എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് നിലവിൽ കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് സർവിസ് നടത്തുന്നത്. ഗോ ഫസ്റ്റ് സർവിസ് നിലച്ചതോടെ കണ്ണൂർ വിമാനത്താവള പ്രവർത്തനവും മന്ദഗതിയിലായി. വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കമെന്നാവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകൾ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. സർവിസുകൾ കുറയുന്നത് വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇവർ സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഗോ ഫസ്റ്റിന് സർവിസ് പുനഃസ്ഥാപിക്കാൻ സിവിൽ ഏവിയേഷൻ അനുമതി ലഭിച്ചത്. ഇതോടെ സർവിസ് പുനരാരംഭിക്കുമെന്ന ആശ്വാസത്തിലാണ് പ്രവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.