ഗോ ഫസ്റ്റ് സർവിസ് വീണ്ടും റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഗോ ഫസ്റ്റ് എയർലൈൻസ് മേയ് ഒമ്പതുവരെയുള്ള സർവിസുകൾ റദ്ദാക്കി. ഇതോടെ കുവൈത്തിൽനിന്നു കണ്ണൂരിലേക്ക് അടുത്ത ശനി, ചൊവ്വ ദിവസങ്ങളിൽ സർവിസുണ്ടാകില്ല. വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം വൈകാതെ മടക്കിനൽകും. വിമാനം റദ്ദാക്കിയതുവഴി യാത്രക്ക് തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും വിമാന അധികൃതർ വ്യക്തമാക്കി.നേരത്തേ മേയ് മൂന്നു മുതൽ അഞ്ചുവരെയുള്ള സർവിസുകൾ റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്ന് വ്യാഴാഴ്ച കുവൈത്തിൽനിന്ന് സർവിസ് ഉണ്ടായില്ല. നിലവിൽ കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ മൂന്നു ദിവസങ്ങളിലായി ഗോ ഫസ്റ്റ് സർവിസുകൾ നടത്തുന്നുണ്ട്.
അതേസമയം, തുടർച്ചയായി സർവിസുകൾ റദ്ദാക്കിയതോടെ കുവൈത്തിലെ കണ്ണൂർ സ്വദേശികളായ പ്രവാസികൾ ആശങ്കയിലാണ്.വിമാന സർവിസ് പൂർണമായും നിലച്ചുപോകുമോ എന്ന സംശയം പലരും പ്രകടിപ്പിച്ചു. അവധിക്കാലം വരാനിരിക്കെ നിരവധി പേർ ഈ വിമാനത്തിന് കുവൈത്തിൽനിന്ന് മുൻകൂട്ടി ടിക്കറ്റ് എടുത്തിട്ടുണ്ട്. കുവൈത്തിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും പ്രവാസികളുടെ പ്രധാന ആശ്രയമാണ് ഗോ ഫസ്റ്റ്.
കുവൈത്തിൽനിന്ന് ശനി, വ്യാഴം, ചൊവ്വ ദിവസങ്ങളിൽ കണ്ണൂരിലേക്കും തിരിച്ച് കുവൈത്തിലേക്കും ഗോ ഫസ്റ്റ് സർവിസ് നടത്തിയിരുന്നു. ഗോ ഫസ്റ്റിനു പുറമെ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് സർവിസുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഒരുദിവസം മാത്രമാണ് സർവിസ് എന്നതിനാൽ കണ്ണൂർ പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.