പീഡാസഹനത്തിന്റെ ഓർമ പുതുക്കി ദുഃഖവെള്ളി ആചരിച്ചു
text_fieldsകുവൈത്ത് സിറ്റി: യേശുവിന്റെ പീഡാസഹനത്തിന്റെ ഓർമ പുതുക്കി കുവൈത്തിലും ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു.
കുരിശിന്റെ വഴിയിലും പീഡാനുഭവ വായനയിലും വിശ്വാസികള്‍ ഭക്തിനിര്‍ഭരമായി പങ്കുകൊണ്ടു.
യേശുവിന്റെ കുരിശുമരണം അനുസ്മരിക്കുന്ന ദുഃഖവെള്ളിയുടെ ഭാഗമാവാൻ ആയിരങ്ങളാണ് വിവിധ പള്ളികളിലെത്തിയത്. കാല്‍വരിയിലേക്ക് കുരിശ് വഹിച്ചുള്ള യേശുവിന്റെ പീഡാനുഭവ യാത്രയുടെ ഓർമകൾ പുതുക്കിയായിരുന്നു തിരുകർമങ്ങള്‍ നടന്നത്.
സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസന സെക്രട്ടറിയും കുവൈത്ത് മഹാ ഇടവകയുടെ മുൻ വികാരിയുമായിരുന്ന റവ. തോമസ് റമ്പാൻ മുഖ്യകാർമികത്വം വഹിച്ചു.
ഇടവക വികാരി ഫാ. ജിജു ജോർജ്, സഹവികാരി ലിജു കെ. പൊന്നച്ചൻ എന്നിവർ സഹകാർമികത്വം വഹിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷയിൽ ആയിരങ്ങൾ പങ്കുചേർന്നു.
കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറ് ദുഃഖവെള്ളി ശ്രുശൂഷകൾ ഖൈത്താൻ കാർമൽ സ്കൂളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ നടന്നു. കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് റവ. ഫാ. ജോൺ തുണ്ടിയത്ത് നേതൃത്വം നൽകി. കോവിഡ് പ്രതിസന്ധികാലത്തിന് ശേഷം നടന്ന ശുശ്രൂഷയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
പ്രത്യാശയിലേക്ക് കണ്ണുനട്ട് ഇന്ന് ഉയിർപ്പു പെരുന്നാൾ
കുവൈത്ത് സിറ്റി: ലോക ജനതക്കൊപ്പം കുവൈത്തിലെയും ക്രൈസ്തവ വിശ്വാസികൾ ഞായറാഴ്ച ഉയിർപ്പു പെരുന്നാൾ ആഘോഷിക്കും. ശനിയാഴ്ച വൈകുന്നേരം നടന്ന ഉയിർപ്പ് ശുശ്രൂഷകൾക്കും ആരാധനകൾക്കും രാത്രിയിലെ പാതിരാ കുർബാനക്കും നിരവധി വിശ്വാസികളാണ് പള്ളികളിൽ എത്തിയത്.
ജീവിച്ചിരിക്കുന്നവരിലേക്ക് നോക്കാനാണ് ക്രിസ്തുവിന്റെ സന്ദേശമെന്നും പാപങ്ങളിൽനിന്ന് മുക്തി നേടി പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞയാണ് ഉയിർപ്പ് പെരുന്നാളിനോടനുബന്ധിച്ച് വിശ്വാസികൾ എടുക്കേണ്ടതെന്നും പുരോഹിതർ വിശ്വാസികളെ ഉണർത്തി.
ഈസ്റ്റർ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആയിത്തീരട്ടെ എന്ന് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.