സർക്കാർ ജോലി: സ്വകാര്യ മേഖല തൊഴിൽ പരിചയം നിർബന്ധമാക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശി യുവജനങ്ങളെ സ്വകാര്യ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് യുവജന അതോറിറ്റി. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്ന യുവാക്കള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴിൽ പരിചയം നിർബന്ധമാക്കാൻ അധികൃതർ നിർദേശം നൽകി.
സർക്കാർ മേഖലയിൽ തൊഴിൽ നേടുന്നതിന് മുമ്പ് സ്വകാര്യ മേഖലയില്‍ നിര്‍ബന്ധമായി ജോലി ചെയ്യണമെന്ന നിർദേശമാണ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് പുറപ്പെടുവിച്ചത്. ഇതിനായി സ്വകാര്യ-സര്‍ക്കാര്‍ മേഖലകളെ സംയോജിപ്പിച്ച്, യുവജന തൊഴില്‍ പ്ലാറ്റ്ഫോം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അതോറിറ്റി.
രാജ്യത്തെ യുവതലമുറ അവര്‍ ആഗ്രഹിക്കുന്ന തൊഴില്‍ മേഖലകള്‍ തന്നെ തിരഞ്ഞെടുക്കുന്നതിന് സ്വകാര്യ തൊഴില്‍ വിപണിയില്‍തന്നെ മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നതിനാവശ്യമായ നടപടികളും പ്രോത്സാഹനവും നല്‍കുമെന്ന് യൂത്ത് അതോറിറ്റി ഡയറക്ടര്‍ ഡോ. മിഷാല്‍ അല്‍ റബീഇ പറഞ്ഞു.
യുവാക്കള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ നല്കുന്നതിനേക്കാള് ഉയര്‍ന്ന പ്രതിഫലമുള്ള ജോലികള്‍ പദ്ധതിയിലൂടെ സ്വകാര്യ മേഖലയിൽ ലഭ്യമാക്കാന്‍ ശ്രമിക്കും.
അതേസമയം, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന യുവാക്കള്‍ക്കുള്ള പരിശീലന കാലയളവ് 92 ദിവസത്തില്‍നിന്ന് ആറു മാസമായി വര്‍ധിപ്പിക്കണമെന്ന് സിവില്‍ സര്‍വിസ് കമീഷന് ആക്ടിങ് അണ്ടർ സെക്രട്ടറി അബീര്‍ അല്‍ ദുഐജ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.