സർക്കാർ ഒാഫിസ് പ്രവർത്തനം പൂർണതോതിൽ: റോഡിൽ തിരക്കേറി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഒാഫിസുകളുടെ പ്രവർത്തനം പൂർണതോതിലായതോടെ റോഡുകളിൽ തിരക്ക് വർധിച്ചു. ഉദ്യോഗസ്ഥർ ജോലിക്ക് പോകുകയും തിരിച്ചുവരുകയും ചെയ്യുന്ന സമയങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും സാമാന്യം നല്ല തിരക്കാണ് റോഡുകളിൽ അനുഭവപ്പെടുന്നത്.
സ്കൂൾ തുറക്കുകയും വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മൂന്നുലക്ഷത്തിലേറെ പ്രവാസികൾ തിരിച്ചെത്തുകയും ചെയ്യുന്നതോടെ ഗതാഗതക്കുരുക്ക് മുറുകും.
ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് സർക്കാർ ഒാഫിസുകൾ പൂർണ തോതിൽ പ്രവർത്തിക്കണമെന്ന മന്ത്രിസഭ ഉത്തരവ് കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിലായി. അഞ്ചു ശതമാനത്തിൽ താഴെ പേർ മാത്രമാണ് അവധിയെടുത്തത്.
അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തന്നെയാണ് ഒാഫിസുകൾ പ്രവർത്തിക്കുന്നത്.വാക്സിനേഷനിൽ ഗണ്യമായ പുരോഗതി കൈവരിക്കുകയും കോവിഡ് കേസുകൾ കുറഞ്ഞ് വരുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഏജൻസികളുടെ പ്രവർത്തന സമയം കോവിഡിന് മുമ്പത്തെ സാധാരണ നിലയിലേക്ക് മാറ്റാൻ മന്ത്രിസഭ തീരുമാനിച്ചത്.
ഒക്ടോബർ മൂന്നുമുതലാണ് വിദ്യാർഥികൾ നേരിട്ടുള്ള അധ്യയനത്തിനായി സ്കൂളുകളിൽ എത്തുന്നത്. തുടക്കത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാകും പ്രവർത്തനം. ഒരുക്ലാസിലെ പകുതി കുട്ടികൾ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിലെത്തുന്ന രീതിയാണ് ഇപ്പോൾ പരിഗണിക്കുന്നത്. കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്.
പ്രതിദിന കോവിഡ് കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു. രോഗമുക്തി ഉയർന്നുനിൽക്കുന്നതിനാൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായിരത്തിൽ താഴെയായി കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.