സർക്കാർ ചെലവ് ചുരുക്കൽ നയം തുടരും
text_fieldsകുവൈത്ത് സിറ്റി: എണ്ണവില വർധന കുവൈത്തിന്റെ പൊതുചെലവ് വെട്ടിക്കുറക്കൽ നയത്തിലും നടപടികളിലും മാറ്റമുണ്ടാക്കില്ലെന്ന് റിപ്പോർട്ട്. അടുത്ത ആഴ്ച പുതിയ സർക്കാർ നിലവിൽ വരുമെന്ന് കരുതുന്നു. മന്ത്രിസഭ മാറിയാലും അടിസ്ഥാന നയത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് സാമ്പത്തിക ഏജൻസിയായ ഫിച്ച് സൊലൂഷൻസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക പരിഷ്കരണങ്ങൾക്ക് പാർലമെന്റ് തടസ്സം നിൽക്കുന്നത് തുടരും.
പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തി പുതിയ അംഗങ്ങൾ വന്നാലും പാർലമെന്റിന്റെ സമ്മർദശേഷിക്ക് കുറവുണ്ടാകില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ ലഭിക്കുന്ന ഉയർന്ന പെട്രോളിയം വില റഷ്യ, യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമാണെന്നും അതേനില തുടരില്ലെന്നുമാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.
പൊതുപരിപാടികൾ (ചടങ്ങുകൾ) അനാവശ്യമായി സംഘടിപ്പിക്കരുതെന്നും അച്ചടി പ്രസിദ്ധീകരണ ചെലവ് വെട്ടിച്ചുരുക്കണമെന്നും മന്ത്രാലയങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുചെലവ് വെട്ടിക്കുറച്ചും വരുമാനം വർധിപ്പിച്ചും എട്ടുകൊല്ലമായി തുടരുന്ന ബജറ്റ് കമ്മി അവസാനിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. സമ്മേളനങ്ങളും പൊതുപരിപാടികളും വെട്ടിക്കുറച്ചും ചെലവ് ചുരുക്കാൻ ശ്രമിക്കുന്നു. പൊതുപരിപാടികൾക്ക് ധന മന്ത്രാലയത്തിന്റെ മേൽനോട്ടമുണ്ടാവും. ചെലവും നേട്ടങ്ങളും താരതമ്യം ചെയ്യും. പൊതുപരിപാടികൾ സംബന്ധിച്ച് മൂന്നുമാസം കൂടുമ്പോൾ അവലോകനം നടത്തിവരുന്നു.
നേരത്തെ കുവൈത്ത് നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങൾക്കും ചടങ്ങുകൾക്കും വേദിയാവാറുണ്ട്. സമീപ വർഷങ്ങളിൽ ഇത് ബോധപൂർവം കുറച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.